കൊൽക്കത്ത: പ്രശസ്ത മോഡലും ബോളിവുഡ് നടിയുമായ ആര്യ ബാനർജിയുടെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആര്യയുടെ മരണം ലിവർ സിറോസിസ് മൂലമാണെന്നും മരണ സമയത്ത് ആമാശയത്തിനുള്ളിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി കൊൽക്കത്ത പോലീസ് ജോയിന്റ് കമ്മീഷ്ണർ മുരളീധർ ശർമ്മ പറഞ്ഞു.
ലിവർ സിറോസിസ് രോഗിയായിരുന്ന ആര്യ വളർത്തുമൃഗങ്ങൾക്കൊപ്പം ജോധ്പൂർ പാർക്കിലെ വസതിയിൽ തനിച്ചായിരുന്നു ആര്യ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആര്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് മരണത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ വാതിൽ തുറക്കാതായതോടെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീയാണ് അയൽക്കാരെ വിവരം അറിയിച്ചത്. പോലീസെത്തി വാതിൽ പൊളിച്ചപ്പോൾ മുറിയിൽ നിലത്തുകിടക്കുകയായിരുന്നു ആര്യ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്ന സൂചനകൾ ഒന്നും കണ്ടെത്തിയില്ല.
ആര്യ അയൽവാസികളുമായി ഇടപഴകാറില്ലെന്ന് സമീപവാസികൾ പറഞ്ഞു. അവർ തനിച്ചായിരുന്നു താമസിച്ചിരുന്നത്. താമസസ്ഥലത്ത് നിന്ന് പുറത്തുപോകുന്നത് വളരെ അപൂർവമായിട്ടാണെന്നും ഇവർപറഞ്ഞു. ഓൺലൈനിലൂടെ ഭക്ഷണം ഓർഡർ ചെയ്യുന്നത് പതിവാണെന്നും അയൽക്കാർ പറയുന്നു.
അതുകൊണ്ടുതന്നെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അവർക്ക് ഭക്ഷണം എത്തിച്ചവർ, കഴിഞ്ഞ ദിവസങ്ങളിൽ അവർ സംസാരിച്ചവർ എന്നിവരെ കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്.
ഹിന്ദുസ്ഥാനി സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ള ആര്യയുടെ യഥാർഥ പേര് ദേബദത്ത ബാനർജി എന്നാണ്. പ്രമുഖ സിത്താർ വാദകൻ പണ്ഡിറ്റ് നിഖിൽ ബാനർജിയുടെ മകളാണ്. വിദ്യാ ബാലൻ നായികനായ ‘ഡേർട്ടി പിക്ചർ’ (2011), ദിബാകർ ബാനർജിയുടെ ‘എൽഎസ്ഡി: ലവ് സെക്സ് ഓർ ധോക’ (2010) തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട് താരം.
Discussion about this post