മുംബൈ: രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം അടുത്ത മാസം തന്നെ തുടങ്ങാനാകുമെന്ന പ്രതീക്ഷ നൽകി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാല. സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഈ മാസം അവസാനത്തോടെ അനുമതി ലഭിച്ചേക്കുമെന്നും പുതുവത്സരത്തിൽ തുടക്കത്തിൽ തന്നെ വാക്‌സിൻ വിതരണം ആരംഭിക്കുമെന്നുമാണ് പൂനാവാല അറിയിച്ചിരിക്കുന്നത്.
ഇത്തര്തതിൽ ഒക്ടോബറാകുമ്പോഴേക്കും രാജ്യത്ത് എല്ലാവർക്കും വാക്‌സിൻ നൽകാനാകുമെന്നും ഇന്ത്യ സാധാരണ ജീവിതത്തിലേക്കു മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറലിന്റെ അനുമതി ഈ മാസം അവസാനത്തോടെ ലഭിക്കുമെന്നാണു പ്രതീക്ഷ. എന്നാൽ, വിപുലമായ ഉപയോഗത്തിനുള്ള ലൈസൻസ് ലഭിക്കാൻ പിന്നെയും സമയമെടുക്കും. എങ്കിലും ജനുവരിയിൽ കുത്തിവയ്പ്പ് നൽകാനാകുമെന്നു കരുതുന്നവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 20 ശതമാനം പേർക്ക് കുത്തിവയ്പ്പ് നൽകാനായാൽ ആളുകളിൽ ആത്മവിശ്വാസം തിരികെവരും. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനാകുമെന്നും അതോടെ രാജ്യം കോവിഡിനു മുൻപുള്ള ജീവിതത്തിലേക്കു തിരികെയെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓക്‌സ്‌ഫോർഡ് സർവകലാശാലയും ആസ്ട്ര സെനേകയും സിറം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു വികസിപ്പിക്കുന്ന വാക്‌സിനായ കൊവിഷീൽഡിന്റെ അടിയന്തര ഉപയോഗത്തിനും അപേക്ഷ നൽകിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും അടിയന്തര ഉപയോഗാനുമതി തേടിയിട്ടുണ്ട്.