ന്യൂഡൽഹി: രാജ്യത്തെ അമ്പരപ്പിച്ച് കേന്ദ്ര സർക്കാരിന്റെ വാഗ്ദാന ലംഘനം. ഇന്ത്യയിൽ കോവിഡ് വ്യാപനം ആരംഭിച്ചതിനിടെ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സാമ്പത്തിക രംഗത്തെ തകർത്തതോടെ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് വെറും വാഗ്ദാനത്തിൽ ഒതുങ്ങിയെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പുനരുദ്ധാരണ പാക്കേജിൽ വിതരണം ചെയ്തത് 10 ശതമാനം തുക മാത്രമെന്നാണ് വിവരാവകാശ രേഖ തെളിയിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ കാലത്ത് കേന്ദ്രം കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പാക്കേജ് എങ്ങുമെത്തിയില്ലെന്ന കണക്ക് ‘ദ എകണോമിക്സ് ടൈംസ്’ ആണ് റിപ്പോർട്ട് ചെയ്യുന്നത്. പൂനെ കേന്ദ്രീകരിച്ചുള്ള ബിസിനസുകാരൻ പ്രഫുൽ സർദയുടെ വിവരാവകാശ നിയമപ്രകാരം തേടിയ ചോദ്യത്തിന് മറുപടിയായി ലഭിച്ച റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്.
ആത്മനിർഭർ ഭാരത് പദ്ധതിയിലെ എമർജൻസി വായ്പാ സ്കീം പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ലോൺ അനുവദിച്ചത് 14,364.30 കോടി രൂപ. തമിഴ്നാടിന് 12,445.58 കോടിയും ഗുജറാത്തിന് 12,005.92 കോടിയും ലഭിച്ചു. യുപി, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളാണ് ഇവക്ക് പിന്നാലെയുള്ളത്. ലക്ഷദ്വീപ് (1.62 കോടി), ലഡാക്ക് (27.14 കോടി), മിസോറാം (34.8 കോടി) അരുണാചൽ പ്രദേശ് (38.54 കോടി) എന്നിവയാണ് ഏറ്റവും കുറഞ്ഞ വായ്പ ലഭിച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമെന്ന് വിവരാവകാശ രേഖ തെളിയിക്കുന്നു.
കേന്ദ്രം പ്രഖ്യാപിച്ച 20 ലക്ഷം കോടിയിൽ വിവിധ സെക്ടറുകളിൽ ചിലവിട്ട തുകയും സംസ്ഥാനങ്ങളിൽ ചെലവിട്ട തുകയുമാണ് സർദ ആവശ്യപ്പെട്ടത്. ആത്മനിർഭർ ഭാരത് പദ്ധതിയിലെ എമർജൻസി വായ്പാ സ്കീം പ്രകാരം (ഇസിഎൽജിഎസ്) ഒക്ടോബർ 31 വരെ മൂന്ന് ലക്ഷം കോടി രൂപ വിതരണം ചെയ്യാൻ അനുമതി നൽകിയതായി മന്ത്രാലയം അറിയിച്ചു. അനുമതി നൽകിയ മൂന്ന് ലക്ഷം കോടിയിൽ 1.2 ലക്ഷം കോടി രൂപ മാത്രമാണ് വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തതെന്ന് പ്രഫുൽ സർദ പറഞ്ഞു. ഇന്ത്യയിലെ 130 കോടി ജനങ്ങളെ പരിഗണിക്കുമ്പോൾ ഒരാൾക്ക് എട്ടു രൂപ നിരക്കിലാവും ഈ തുക.
പ്രഖ്യാപിച്ച 20 ലക്ഷം കോടിയിൽ അനുമതി നൽകിയ മൂന്ന് ലക്ഷം കോടി കഴിഞ്ഞുള്ള 17 ലക്ഷം കോടി രൂപ എവിടെയെന്ന് സർദ ചോദിച്ചെങ്കിലും പ്രഖ്യാപിച്ച് എട്ട് മാസം പിന്നിട്ടിട്ടും ഇതിനെ കുറിച്ച് കേന്ദ്രത്തിന് മിണ്ടാട്ടമില്ല. ഈ പ്രഖ്യാപനം മറ്റൊരു തട്ടിപ്പാണോ എന്നാണ് അദ്ദേഹം ചോദ്യം ചെയ്തത്.
കോവിഡ് മഹാമാരിയിൽ രാജ്യം നേരിട്ട മാന്ദ്യത്തെ മറികടക്കുമെന്ന് പ്രഖ്യാപിച്ചാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 20 ലക്ഷം കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. എന്നാൽ ജനങ്ങൾക്ക് പദ്ധതി പ്രഖ്യാപനം കഴിഞ്ഞ് 10 മാസം പിന്നിടുമ്പോഴും 10 ശതമാനം പോലും ലഭിച്ചില്ലെന്നാണ് രേഖകൾ തെളിയിക്കുന്നത്.
Discussion about this post