ന്യൂഡൽഹി: പശ്ചിമ ബംഗാൾ സന്ദർശനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തി നിൽക്കെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് ബാധിച്ചെന്ന വാർത്ത ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് പുറംലോകത്തെ അറിയിച്ചത്.
നിലവിൽ സ്വവസതിയിൽ ഐസൊലേഷനിൽ കഴിയുകയാണ് നഡ്ഡ. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ ആരോഗ്യപരിശോധനയിലാണ് നഡ്ഡയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ബിജെപിയുടെ മുതിർന്ന നേതാവായ നഡ്ഡയ്ക്ക് അറുപത് വയസ് പിന്നിട്ടുള്ളതിനാൽ തന്നെ കോവിഡ് ബാധയെ സംബന്ധിച്ച് അണികളിൽ ആശങ്ക ഉയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധന നടത്തണമെന്നു നഡ്ഡ ട്വീറ്റിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും സന്ദർശിക്കാനായി പര്യടനത്തിന് ഇറങ്ങിയ ജെപി നഡ്ഡ പശ്ചിമ ബംഗാളിൽ വെച്ച് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബംഗാളിൽ വെച്ച് നഡ്ഡ, കൈലാഷ് വിജയ് വർഗിയ, ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവർ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. വാഹനത്തിന്റെ ചില്ലുകൾ തകർന്നിരുന്നെങ്കിലും നഡ്ഡയ്ക്ക് പരിക്കേറ്റിരുന്നില്ല.
ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണ് എന്നും ബിജെപി ആരോപിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാർ ഗവർണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
Discussion about this post