ഹൈദരാബാദ്: വീട്ടിൽ സജ്ജീകരിച്ച രഹസ്യ ലാബിൽ അതിമാരക ലഹരിമരുന്ന് നിർമ്മിച്ച് വിതരണം ചെയ്ത കെമിസ്ട്രി പിഎച്ച്ഡി ബിരുദധാരിയെ പിടികൂടി. ഹൈദരാബാദിലെ വീട്ടിൽനിന്നും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ സംഘം ഇയാളെ പിടികൂടിയത്. അന്വേഷണസംഘം ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പിഎച്ച്ഡി ബിരുദം നേടിയ പ്രതി നേരത്തെ ഔഷധ നിർമ്മാണ മേഖലയിൽ ജോലി ചെയ്തിരുന്നു.
ഔഷധ നിർമ്മാണ രംഗത്തെ പരിചയം മുതലാക്കിയാണ് ഇയാൾ മ്യാവൂമ്യാവൂ, ഡ്രോൺ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മെഫെഡ്രോൺ എന്ന അതിമാരക ലഹരിമരുന്ന് രഹസ്യമായി നിർമ്മിച്ചിരുന്നത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 12.4 ലക്ഷം രൂപയും 112 ഗ്രാം മെഫെഡ്രോണും കണ്ടെടുത്തു. വിപണിയിൽ 63 ലക്ഷം രൂപ വിലവരുന്ന 3.15 കിലോ മെഫെഡ്രോൺ, ലഹരിമരുന്ന് നിർമ്മിക്കുന്നതിന് ആവശ്യമായ 219 കിലോ അസംസ്കൃത വസ്തുക്കൾ എന്നിവ ലാബിൽനിന്നും കണ്ടെടുക്കുകയും ചെയ്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരിമരുന്ന് ശൃംഖലയാണ് മെഫെഡ്രോൺ നിർമ്മാണത്തിന് പിന്നിലെന്നും ഇതിലെ പ്രധാനി ഉൾപ്പെടെ രണ്ടുപേരെ പിടികൂടിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഹൈദരാബാദ് നഗരത്തിന് സമീപത്താണ് ഇയാളുടെ താമസകേന്ദ്രം. ഇവിടെ വെച്ച് അതീവരഹസ്യമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ഇയാൾ 100 കിലോയിലേറെ മെഫെഡ്രോൺ നിർമ്മിച്ച് വിൽപന നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
Discussion about this post