ചണ്ഡീഗഢ്: കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ളവരുടെ മുന്‍ഗണന പട്ടികയില്‍ എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തണമെന്ന് ഹരിയാന സര്‍ക്കാര്‍. ഈ കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര സര്‍ക്കാരിന് കത്ത് അയച്ചിട്ടുണ്ടെന്നാണ് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞത്.
ജനപ്രതിനിധികള്‍ ജോലി സംബന്ധമായി വളരെയധികം ആളുകളുമായി ഇടപെടുന്നതിനാല്‍ അവരെയും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹരിയാന സര്‍ക്കാരിന്റെ ആവശ്യം. അതേസമയം കൊവിഡ് വാക്സിന്‍ നല്‍കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും അനില്‍ വിജ് കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെയാണ് വാക്സിന്‍ നല്‍കുന്നവരുടെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം കൊവിഡ് വാക്സിന്‍ കുത്തിവെയ്പ് സംബന്ധിച്ചും വാക്സിന്‍ കുത്തിവെപ്പ് നടത്തുന്ന കേന്ദ്രങ്ങള്‍ എങ്ങനെ സജ്ജീകരിക്കണമെന്നുള്ള മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറി. ഓരോ കൊവിഡ് വാക്സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറ് പേര്‍ക്കാണ് വാക്സിന്‍ നല്‍കുക. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമായിരിക്കും ഓരോ വാക്സിന്‍ കുത്തിവെപ്പ് കേന്ദ്രത്തിലും ഉണ്ടായിരിക്കുക.
കൊവിഡ് വാക്സിന്‍ കേന്ദ്രത്തിന് മൂന്ന് മുറികള്‍ ഉണ്ടായിരിക്കണം. ആദ്യത്തെ മുറി കൊവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങളും ക്രമീകരിക്കണം.
രണ്ടാമത്തെ മുറിയില്‍ വെച്ചാണ് വാക്സിന്‍ നല്‍കുക. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടര്‍ന്ന് വാക്സിന്‍ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും. അരമണിക്കൂറിനുളളില്‍ രോഗലക്ഷണങ്ങളോ, പാര്‍ശ്വഫലങ്ങളോ കാണിക്കുകയാണെങ്കില്‍ അവരെ നേരത്തേ നിശ്ചയിച്ചിട്ടുളള ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാനും കേന്ദ്രം മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.