പറവൂര്‍: കഴുത്തില്‍ കയര്‍ കുരുക്കി വളര്‍ത്തുനായയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ച സംഭവം ഒന്നടങ്കം വേദനയോടെ കേട്ട വാര്‍ത്തയാണ്. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മനേക ഗാന്ധി എംപി. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ റൂറല്‍ എസ് പിയെ മനേക ഗാന്ധി ഫോണില്‍ വിളിച്ച് സംസാരിച്ചു.
എറണാകുളം നെടുമ്പാശേരി ചാലാക്കയില്‍ വെള്ളിയാഴ്ച്ച പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു. നായയുടെ കഴുത്തില്‍ കെട്ടിയ കയറാണ് ഓടുന്ന കാറുമായും ബന്ധിപ്പിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്.
നല്ല വേഗത്തില്‍ പായുന്ന കാറിന് പിന്നില്‍ നായ തളര്‍ന്നു വീണിട്ടും കാര്‍ മുന്നോട്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ കാറിന്റെ പിന്നാലെ ബൈക്കിലെത്തിയ യുവാവാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. കാര്‍ നിര്‍ത്താന്‍ യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ടാക്സി ഡ്രൈവര്‍ വാഹനം നിര്‍ത്തി.
ആദ്യം ചെറുപ്പക്കാരനോട് കയര്‍ത്ത ഡ്രൈവര്‍, പിന്നീട് നായയെ അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നു. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ അനിമല്‍ വെല്‍ഫെയര്‍ ഓര്ഗനൈസേഷന് പ്രവര്‍ത്തകരാണ് പരിക്കേറ്റ നായയെ കണ്ടെത്തിയത്. റോഡിലൂടെ വലിച്ചിഴച്ചതിനാല്‍ നായയുടെ മുന്കാലില് പരിക്ക് പറ്റിയിട്ടുണ്ട്.
നിലവില്‍ പറവൂര്‍ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് നായയെ. വിദഗ്ധപരിശോധനയ്ക്കായി തൃപ്പൂണിത്തറയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടു പോവും. കെട്ടിവലിച്ച നായയുടെ പിറകെ ഓടിയ നായയെയും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ഒളിവില്‍പ്പോയ ഉടമ എറണാകുളം കുന്നുകര ചാലാക്ക സ്വദേശി യൂസഫിനെ വൈകിട്ടോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബത്തിന് ഇഷ്ടമില്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്നാണ് യൂസഫിന്റെ വാദം.
Discussion about this post