ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷകരുടെ സമരം കൂടുതല്‍ ശക്തമാകുന്നു. കര്‍ഷകര്‍ ഇന്ന് ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഉപരോധിക്കും. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ പ്രധാനപാതകളും വരും ദിവസങ്ങളില്‍ ഉപരോധിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ദേശീയപാതകളില്‍ കേന്ദ്രസേനയുടെയും പോലീസിന്റെയും വന്‍ സന്നാഹമാണ് തുടരുന്നത്.
അതേസമയം പഞ്ചാബില്‍ നിന്ന് മുപ്പതിനായിരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ ഏഴ് ജില്ലകളിലെ ആയിരം ഗ്രാമങ്ങളില്‍ നിന്നാണ് മുപ്പതിനായിരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. 1300 ട്രാക്റുകളിലും 200 മറ്റ് വാഹനങ്ങളിലുമാണ് യാത്ര.
ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി രാജസ്ഥാനിലെ ഷാജഹാന്‍പൂരില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകരാണ് ഇന്ന് പുറപ്പെടുന്നത്. ഇവര്‍ രാവിലെ പതിനൊന്ന് മണിക്ക് യാത്ര തുടങ്ങുമെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്. അതേസമയം കര്‍ഷക സമരം ഇന്ന് പതിനെട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകരുമായി പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്ക് ശ്രമം ആരംഭിച്ചതായി കേന്ദ്രമന്ത്രി സോം പ്രകാശ് വ്യക്തമാക്കി.