കോവിഡ് അപ്പാടെ പൊളിച്ചെഴുതിയ സ്ക്രിപ്റ്റാണ് വിവാഹങ്ങളുടേത്. ആയിരവും രണ്ടായിരവുമാളുകള് പങ്കെടുത്ത കല്യാണങ്ങളൊക്കെ മറ്റേതോ ലോകത്ത് എന്നോ നടന്ന ഒരു പ്രതീതിയാണ് ഇപ്പോള്‍. അമ്പതോ അതില്‍ താഴെയോ മാത്രം ആളുകള്‍ പങ്കെടുക്കുന്ന ‘കോവിഡ് കല്യാണങ്ങള്‍’ ഏറെക്കുറേ എല്ലാവരും ഇഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.
ഇത്രയും കുറവ് ആളുകളെ വിളിച്ച് നടത്തുന്ന കല്യാണങ്ങളുടെ ഏറ്റവും പുതിയ ട്രെന്‍ഡാണ് ഫണ്‍ ആന്‍ഡ് ക്രിയേറ്റീവ് കല്യാണക്കുറികള്‍. മുമ്പത്തെ പോലെ നേരിട്ട് പോയി ആളുകളെ ക്ഷണിക്കേണ്ട ആവശ്യം കോവിഡ് കല്യാണങ്ങള്‍ക്ക് വരുന്നില്ല എന്നത് കൊണ്ട് തന്നെ ഡിജിറ്റല്‍ ക്ഷണക്കത്തുകള്‍ അഥവാ ഇ-വൈറ്റ്സ് ആണ് ഭൂരിഭാഗം ആളുകളും തെരഞ്ഞെടുക്കുന്നത്.
ഇത് അങ്ങേയറ്റം ക്രിയേറ്റീവ് ആക്കുക എന്നതാണ് ഇപ്പോള്‍ കണ്ട് വരുന്ന ഒരു ട്രെന്‍ഡ്. കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കൂ എന്ന നിര്‍ദേശമാണ് മിക്ക ക്ഷണക്കത്തുകളുടെയും അവസാനവരി. ഡല്‍ഹി സ്വദേശിയായ ആകാശ് തന്റെ വിവാഹനിശ്ചയത്തിന് നല്കിയ ക്ഷണക്കത്തില്‍ കുറിച്ചത് ഇപ്രകാരമാണ് – മാസ്ക് ധരിക്കൂ, സൂപ്പര്‍ ഹീറോ ആകൂ..
ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ ആകാശ് പറഞ്ഞതിങ്ങനെ – ”ഇപ്പോള്‍ മറ്റെന്തിനേക്കാളും ആവശ്യം കരുതലാണ്. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം എന്ന് വെറുതേ എഴുതി അച്ചടിക്കുന്നതിനേക്കാള് എന്തുകൊണ്ടും നല്ലതാണ് ഇങ്ങനെ ഒരു മെസ്സേജ് എന്ന് തോന്നി. നിശ്ചയത്തിന് വന്ന എല്ലാവരും അത് പാലിക്കുകയും ചെയ്തു. ചിലപ്പോഴൊക്കെ പാഴ്വാക്കുകളേക്കാള് നല്ലത് ഓര്‍മപ്പെടുത്തലുകളാണ്.”
കല്യാണക്കുറികള്‍ പരീക്ഷണവസ്തുക്കളാവുന്ന കാഴ്ചയും കോവിഡ് കാലത്ത് കുറവല്ല.
നോയിഡ സ്വദേശിയായ ശില്പ അഹൂജ തന്റെ കല്യാണക്കുറിയിലെഴുതിയത് ‘അകലുന്തോറും ഹൃദയങ്ങളുടെ അടുപ്പം കൂടും. സാമൂഹിക അകലം പാലിക്കൂ’ എന്നാണ്. ”100 പേര്‍ക്ക് പങ്കെടുക്കാമായിരുന്ന സമയത്തായിരുന്നു കല്യാണം. ആ സമയം ഏറ്റവും ആവശ്യമായ ഒരു മെസ്സേജ് ആയിരുന്നു അത്. നേരിട്ടെത്തി ക്ഷണിക്കുന്നതിന് പകരം എല്ലാവരെയും ഓണ്‍ലൈന്‍ ആയി ക്ഷണിക്കുകയാണുണ്ടായത്. ഞാനും ഭര്‍ത്താവും ചേര്‍ന്നാണ് കത്ത് ഡിസൈന്‍ ചെയ്തത്. അതുകൊണ്ട് തന്നെ ചെറിയ നിര്‍ദേശങ്ങളും കൊടുക്കാന്‍ പറ്റി.” ശില്പ പറയുന്നു.
കോവിഡ് കാലത്ത് ക്ഷണക്കത്തുകളില്‍ ഏറെ ഡിമാന്റുള്ളതും കോവിഡ് മെസ്സേജുകള്‍ ഉള്പ്പെടുത്തിയുള്ളവയ്ക്ക് തന്നെ. കോവിഡ് നിര്‍ദേശങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി ഒരു ക്ഷണക്കത്ത് തയാറാക്കി നല്‍കിയത് ഓര്‍ക്കുകയാണ് വെഡ്ഡിംഗ് ഇന്‍വൈറ്റ് ഡിസൈനര്‍ ഇച്ഛ. പ്രശസ്തമായ കവിതകളുടെയും മറ്റും വരികള്‍ക്കിടയില്‍ കോവിഡും കൊറോണയും തിരുകിക്കയറ്റുന്നതും ഇപ്പോഴത്തെ ട്രെന്‍ഡാണ്. അമ്പത് പേരില്‍ ഉള്‍പ്പെടാത്ത ബന്ധുക്കള്‍ക്കായി സമ്മാനങ്ങളും മറ്റും അയക്കുന്ന ഗിഫ്റ്റ് ഹാംപറുകളിലും ഇടം പിടിക്കാറുണ്ട് കോവിഡ് സന്ദേശങ്ങള്‍.
Discussion about this post