ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷക പ്രക്ഷോഭം മൂന്നാഴ്ച പിന്നിടുകയാണ്. ഇതിനിടെ നേതാക്കള്‍ കൂട്ടത്തോടെ നിരഹാര സത്യാഗ്രഹത്തിന് ഒരുങ്ങുകയാണ്. ഡിസംബര്‍ 14 ന് കര്‍ഷക യൂണിയന്‍ നേതാക്കളാണ് നിരാഹാര സമരത്തിലേയ്ക്ക് കടക്കുന്നത്. യൂണിയന്‍ നേതാവ് കണ്‍വാല്‍പ്രീത് സിങ് പന്നുവാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഞങ്ങളുടെ ആവശ്യം നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് തന്നെയാണ്. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിന് ശേഷം മാത്രമാവുമെന്നും കമല്‍ പ്രീത് സിങ് പന്നു പ്രതികരിച്ചു. സിംഘുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 13ന് രാവിലെ 11 മണിക്ക് രാജസ്ഥാനില്‍ നിന്ന് ജയ്പുര്‍-ഡല്‍ഹി ദേശീയ പാതയിലൂടെ കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
കര്‍ഷകസമരത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും. കര്‍ഷകര്‍ക്കിടയിലേക്ക് മറ്റ് ചിലരെ കയറ്റിവിട്ട് ഞങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തി. എന്നാല്‍ ഞങ്ങള്‍ സമാധാനപരമായി ഈ സമരത്തെ വിജയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന കര്‍ഷകരുടെ വാഹനങ്ങള്‍ പോലീസ് തടയുന്നുണ്ട്. ഈ നടപടി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ ഡിസംബര്‍ 19നകം അംഗീകരിച്ചില്ലെങ്കില്‍ ഉപവാസ സമരം ആരംഭിക്കുമെന്ന് കര്‍ഷക നേതാവ് ഗുര്‍നാം സിങ് ചാരുണിയും വ്യക്തമാക്കി.
Discussion about this post