ഭോപ്പാല്‍: പരസ്പര സമ്മതത്തോടെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോഴാണ് മിക്കപ്പോഴും ബലാത്സംഗ പരാതികളും മറ്റും ഉയരുന്നതെന്ന് ഛത്തീസ്ഗഢ് വനിതാ കമ്മീഷന്‍ അധ്യക്ഷ കിരണ്‍മയി നായക്. ബിലാസ്പുരില്‍ സ്ത്രീക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയായിരുന്നു കിരണ്‍മയി നായകിന്റെ വിവാദ പ്രതികരണം.
പിന്നാലെ അധ്യക്ഷയ്‌ക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബലാത്സംഗത്തെ അതീജീവിച്ച സ്ത്രീകളുടെ മനോധൈര്യത്തെ തകര്‍ക്കുന്ന പ്രസ്താവനയാണ് വനിതാ കമ്മീഷന്‍ വനിതാ കമ്മീഷന്‍ നടത്തിയതെന്നാണ് കിരണ്‍മയി നായകിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍.
കിരണ്‍മയി നായകിന്റെ വാക്കുകള്‍;
വിവാഹിതനായ ഒരു പുരുഷന്‍ ഒരു പെണ്‍കുട്ടിയെ മറ്റൊരു ബന്ധത്തിലേക്ക് ആകര്‍ഷിക്കുന്നുവെങ്കില്‍, അയാള്‍ നുണ പറയുകയാണോ അല്ലയോ, അയാള്‍ തന്നെ സഹായിക്കുമോ ഇല്ലയോ എന്ന് പെണ്‍കുട്ടി മനസ്സിലാക്കണം.’ ‘മിക്ക കേസുകളിലും ആദ്യം പരസ്പര സമ്മതത്തോടെയുള്ള ബന്ധവും ജീവിതവും ആവാം. എന്നാല്‍ ഇരുവരും തമ്മില്‍ പിരിയുന്നതോടെ ലൈംഗീകപീഡനക്കേസ് നല്‍കുന്നു.’
‘സിനിമയില്‍ കാണുന്നതുപോലെയുള്ള പ്രണയങ്ങളില്‍ കുടുങ്ങിയാല്‍ നിങ്ങളുടെ സൗഹൃദവും കുടുംബവും ജീവിതവും തകരും. അതിനാല്‍ ഇത്തരം ബന്ധങ്ങളില്‍ അകപ്പെട്ടുപോകരുതെന്നാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത്.