ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാകുമെന്നും ഇതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കും എന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഫിക്കിയുടെ 93ാം വാര്‍ഷിക സമ്മേളനത്തിലാണ് പ്രധാനമന്ത്രി കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് രംഗത്ത് എത്തിയത്.
പുതിയ കാര്‍ഷിക നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കിട്ടും. കര്‍ഷകരുടെ അവസ്ഥ മെച്ചപ്പെട്ടാലേ രാജ്യത്ത് പുരോഗതിയുണ്ടാകൂ എന്ന് സര്‍ക്കാരിന് അറിയാമെന്നും ഓരോ കര്‍ഷകന്റെയും വരുമാനത്തില്‍ വലിയ വര്‍ധന ഉണ്ടാകാന്‍ പോകുകയാണെന്നും ആത്മനിര്‍ഭര്‍ ഭാരത് ആണ് സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലെന്നും രാജ്യത്ത് വിദേശ നിക്ഷേപം വര്‍ധിച്ചെന്നും സാമ്പത്തിക സൂചകങ്ങള്‍ പ്രതീക്ഷ നല്‍കുന്നെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
അതേസമയം കര്‍ഷക പ്രക്ഷോഭത്തില്‍ ദേശവിരുദ്ധ ശക്തികളുണ്ടെന്ന കേന്ദ്രമന്ത്രിമാരുടെ ആരോപണം തള്ളി കര്‍ഷക സംഘടനകള്‍ രംഗത്ത് എത്തി. നിരോധിത സംഘടനകളിലെ ആരെയും പ്രക്ഷോഭ സ്ഥലത്ത് കണ്ടില്ലെന്നാണ് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചത്. ദേശവിരുദ്ധ ശക്തികള്‍ കര്‍ഷക പ്രക്ഷോഭം ഹൈജാക്ക് ചെയ്തു തുടങ്ങിയ ആരോപണങ്ങള്‍ രവിശങ്കര്‍ പ്രസാദ് അടക്കം കേന്ദ്രമന്ത്രിമാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ആരോപണം കര്‍ഷക സംഘടനകള്‍ തള്ളി. നിരോധിക്കപ്പെട്ട സംഘടനകളില്‍പ്പെട്ടവരെ പ്രക്ഷോഭ സ്ഥലത്ത് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അവരെ പിടികൂടണം. അത്തരത്തില്‍പ്പെട്ടവരെ ഇതുവരെ സമരസ്ഥലത്ത് കണ്ടിട്ടില്ലെന്നും രാകേഷ് ടിക്കായത്ത് കൂട്ടിച്ചേര്‍ത്തു.
Discussion about this post