ന്യൂഡല്‍ഹി: ഡല്‍ഹിയെ വിറപ്പിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുന്നേറുകയാണ് രാജ്യത്തെ കര്‍ഷകര്‍. പ്രതിഷേധങ്ങളെ മാനിക്കാതെ നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിനെതിരെയാണ് കര്‍ഷകരുടെ പോരാട്ടം. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് കര്‍ഷകര്‍ക്കായി ഒരുക്കിയിരിക്കുന്ന ട്രാക്ടറുകളാണ്. ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും 10 പേര്‍ക്ക് വരെ വിശ്രമിക്കാനും സാധിക്കുന്ന മോഡിഫൈ ചെയ്ത ട്രാക്ടറുകളാണ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്.
ഗാസിപൂര്‍ സമരകേന്ദ്രത്തിലെത്തിയ എസി ട്രാക്ടറാണ് കൂട്ടത്തില്‍ തിളങ്ങിയത്. എസി സൗകര്യമുള്ള ട്രാക്ടറുമായാണോ കര്‍ഷകര്‍ സമരം ചെയ്യാന്‍ വരുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ ഇതിന് തക്കതായ ഒരു മറുപടി കൂടിയുണ്ട്. ഭൂരിഭാഗവും 80 വയസ് കഴിഞ്ഞ കര്‍ഷകരാണ് ഗാസിപൂരില്‍ സമരം ചെയ്യുന്നത്. ഡിസംബറിലെ ശൈത്യവും, നട്ടുച്ച നേരത്തെ ചൂടും എല്ലാംകൊണ്ടും പ്രതികൂല കാലാവസ്ഥയാണ് തലസ്ഥാനത്ത് ഇപ്പോഴുള്ളത്.
ഇതിനെയെല്ലാം അവഗണിച്ച് കര്‍ഷകര്‍ നിയമം പിന്‍വലിക്കും വരെയുള്ള പോരാട്ടത്തിലാണ്. ഇവരുടെ ശാരീരിക ബുദ്ധിമുട്ടുകളെ മറികടക്കുന്നതിനാണ് ഇവര്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള ട്രാക്ടര്‍ രംഗത്തിറക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയായ മഞ്ചിത് സിംഗും ഉത്തരാഖണ്ഡ് സ്വദേശിയായ സന്ദീപ് സിംഗും ട്രാക്ടര്‍ മോഡിഫൈ ചെയ്ത് ഖാസിപൂരില്‍ കൊണ്ടുവന്നത്. സോളാര്‍ ഉപയോഗിച്ചാണ് ട്രാക്ടറിലെ വൈദ്യുതി ഉപയോഗം. ട്രാക്ടറില്‍ പാഴ് വസ്തു കൊണ്ടാണ് ഈ വിശ്രമ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന ദിവസങ്ങളിലെ കൊടുംതണുപ്പിനെ നേരിട്ടും സമരം തുടരാന്‍ തയാറാണെന്നും പോരാട്ടം ഇനിയും തുടരുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഇത്തരം ട്രാക്ടറുകള്‍ ആവശ്യമേറിയാല്‍ ഇനിയും എത്തിക്കാനുള്ള തീരുമാനത്തിലാണ് ഇവര്‍.
Discussion about this post