ന്യൂഡല്‍ഹി: രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി വസുന്ധരാ രാജയുമായി കൊമ്പുകോര്‍ത്ത് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ നേതാവ് തിരികെ ബിജെപിയിലേയ്ക്ക്. മുതിര്‍ന്ന നേതാവായ ഗ്യാന്‍ശ്യാം തിവാരിയാണ് വീണ്ടും ബിജെപി പാളയത്തില്‍ എത്തിയിരിക്കുന്നത്.
2018-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു വസുന്ധരാ രാജ ഏകാധിപതിയാണെന്ന് ആരോപിച്ച് ഗ്യാന്‍ശ്യാം തിവാരി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പുറത്ത് പോയത്. അന്നത്തെ പാര്‍ട്ടി അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കാണ് അദ്ദേഹം രാജി കൈമാറിയത്.
പാര്‍ട്ടിയില്‍ വസുന്ധരാ രാജയുടെ എതിര്‍ക്യാമ്പ് ശക്തിയാര്‍ജിച്ചതോടെ തിവാരിക്ക് വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെയെത്താനുള്ള വഴിയൊരുങ്ങുകയായിരുന്നുവെന്നാണ് ബിജെപി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ശനിയാഴ്ച സംസ്ഥാന ബിജെപി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ രാജസ്ഥാന് അധ്യക്ഷന്‍ സതീഷ് പുനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കത്താരിയ എന്നിവരെത്തുമാണ് ലഭിക്കുന്ന വിവരം.
Discussion about this post