ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗൽറാണിക്ക് ജാമ്യം. താരത്തിന് അടിയന്തിര ശസ്ത്രക്രിയ വേണമെന്ന വൈദ്യപരിശോധന റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം. നേരത്തെ, ബംഗളൂരു വാണിവിലാസ് ആശുപത്രിയിൽ വൈദ്യപരിശോധന നടത്താനും ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതി നടിക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായ സഞ്ജന ഗൽറാണിയെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. മൂന്ന് മാസത്തെ ജയിൽവാസത്തിന് ശേഷമാണ് നടിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.
മൂന്ന് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലും തത്തുല്യ തുകയുടെ രണ്ട് ആൾജാമ്യത്തിലും കർണാടക ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മാസത്തിൽ രണ്ടുതവണ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
കേസിൽ അറസ്റ്റിലായ സഞ്ജന ഗൽറാണി നേരത്തെയും ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാൽ എത്രയും വേഗം ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
സെപ്റ്റംബർ എട്ടാം തീയതിയാണ് കന്നഡ സിനിമാമേഖലയിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗൽറാണിയെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നടിമാരായ രാഗിണി ദ്വിവേദി, ഇവരുടെ സുഹൃത്തുക്കളായ നിയാസ്, രവി, ശങ്കർ, രാഹുൽ, വിരേൻ ഖന്ന, പ്രതീക് ഷെട്ടി തുടങ്ങിയവരും പിന്നീട് അറസ്റ്റിലായിരുന്നു.