കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വെച്ച് ബിജെപി ദേശീയാധ്യക്ഷൻ ജെപി നഡ്ഡ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ സന്ദർശന വേളയിൽ ബിജെപിക്ക് പാർട്ടി മേധാവിയെ സംരക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മമത തിരിച്ചടിച്ചു.
‘നിങ്ങളുടെ വാഹനവ്യൂഹത്തിലെ 50 കാറുകളിൽ ഒന്ന് ആരെയെങ്കിലും തട്ടിയിരിക്കാം, അല്ലെങ്കിൽ എന്തെങ്കിലും വലിച്ചെറിയുകയോ ചെയ്തിരിക്കാം. പോലീസ് അന്വേഷിക്കുക. നിങ്ങളുടെ എല്ലാ നുണകളും ഞങ്ങൾ സഹിക്കില്ല. ഇതു മതിയായി’ മമത ആരോപണത്തോട് പ്രതികരിച്ചതിങ്ങനെ.
എല്ലാ ദിവസവും ബിജെപി പ്രവർത്തകർ തോക്കുകളുമായി റാലികൾക്കായി വരുന്നു. സ്വയം പ്രഹരിച്ച് തൃണമൂൽ കോൺഗ്രസിനെ കുറ്റപ്പെടുത്തുകയാണ്. യാഥാർത്ഥ്യം ചിന്തിച്ചു നോക്കൂ. അവർ ബിഎസ്എഫ്, സിആർപിഎഫ്, ആർമി, സിഐഎസ്എഫ് എന്നിവയുമായി ചുറ്റിക്കറങ്ങുന്നു. പിന്നെ എന്തിനാണ് നിങ്ങൾ ഭയപ്പെടുന്നത്?. നഡ്ഡയ്ക്ക് സുരക്ഷ ഒരുക്കാനുള്ള അഭ്യർത്ഥന സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും മമത ബാനർജി സൂചിപ്പിച്ചു. നിങ്ങൾ സംസ്ഥാനത്തെ ഒന്നും അറിയിക്കുന്നില്ല, പക്ഷേ ഒരു പ്രശ്‌നമുണ്ടാകുമ്പോൾ സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്നുവെന്നാണ് മമത പ്രതികരിച്ചത്.
വ്യാഴാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. വാഹനത്തിന്റെ ചില്ലുകൾ തകർന്നിരുന്നെങ്കിലും അദ്ദേഹത്തിന് പരിക്കേറ്റിരുന്നില്ല. സംസ്ഥാന ബിജെപി നേതാക്കളായ മുകുൾ റോയിക്കും കൈലാഷ് വിജയ് വർഗിക്കും പരുക്കേറ്റിരുന്നു. ആക്രമണം സംസ്ഥാന ഭരിക്കുന്ന തൃണമൂൽ കോൺഗ്രസ് ആസൂത്രണം ചെയ്തതാണെന്നു ആരോപിച്ച് ഈ സംഭവത്തിന് പിന്നാലെ അമിത് ഷാ ഉൾപ്പടെയുള്ളവർ മമത സർക്കാരിന് നേരെ തിരിഞ്ഞിരുന്നു.
നിങ്ങൾക്ക് ധാരാളം സിഐഎസ്എഫ്ബിഎസ്എഫ് കമാൻഡോകളുണ്ട്. പിന്നെ അവർക്ക് നിങ്ങളുടെ കാറിൽ എങ്ങനെ സ്പർശിക്കാൻ കഴിയും? അവർ ഒരു പുതിയ ‘ഹിന്ദു ധർമം’ ഇറക്കുമതി ചെയ്യുന്നു. അത് നമ്മുടെ ഹിന്ദു ധർമമല്ല. ഹിന്ദു ധർമമെന്ന നിലയിൽ അവർ വെറുപ്പുളവാക്കുന്ന ഒരു ധർമ കൈമാറുന്നു. ഇങ്ങനെയാണ് ഹിറ്റ്‌ലർ ഹിറ്റ്‌ലറായി മാറിയത്. ഇങ്ങനെയാണ് ചൗഷസ്‌ക്യു ചൗഷസ്‌ക്യു ആയി മാറിയത്. മുസ്സോളിനി മുസ്സോളിനിയായത്. ഇന്ന്, ഈ നരേന്ദ്ര മോഡി സർക്കാർ ലളിതമായി നാടകം ആസൂത്രണം ചെയ്യുകയും നാടകം സൃഷ്ടിക്കുകയും അവർ സ്വയം സൃഷ്ടിച്ച നാടകത്തിന്റെ വിഡിയോ മാധ്യമങ്ങൾക്കു നൽകുകയും ചെയ്യുന്നു. മാധ്യമങ്ങൾക്ക് അവരെ ചോദ്യം ചെയ്യാൻ അധികാരമില്ല’- മമത കൂട്ടിച്ചേർത്തു.
Discussion about this post