ചെന്നൈ: പ്രശസ്ത തമിഴ് സീരിയൽ താരവും അവതാരകയുമായ ചിത്ര വിജെയുടെ മരണം തൂങ്ങിമരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസിന്റെ റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം ചെയ്ത ചെന്നൈ കിൽപോക് മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജന്റെ മൊഴിയും. ചിത്ര തൂങ്ങിമരിച്ചതാണെന്ന് സർജൻ പോലീസിനെ അറിയിച്ചു. താരത്തിന്റേത് ആത്മഹത്യയാണെന്നും സിൽക്ക് സാരിയിൽ തൂങ്ങിയതുമാണെന്ന നിഗമനത്തിലാണു പോലീസ്. മുഖത്തുണ്ടായ മുറിവുകൾ മരണ വെപ്രാളത്തിൽ ഉണ്ടായതാണെന്നു സർജൻ പോലീസിനെ അറിയിച്ചു.
അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടു കിട്ടിയതിനു ശേഷം വിശദമായ അന്വേഷണം നടത്താനാണു പോലീസിന്റെ തീരുമാനം. ചിത്രയുടെ അടുത്ത സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരെ ചോദ്യം ചെയ്യും. പ്രതിശ്രുതവരൻ ഹേംനാഥിനെ ഇന്നലെ വൈകിയാണു പോലീസ് വിട്ടയച്ചത്. ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം, ചിത്രയെ പ്രതിശ്രുതവരൻ ഹേംനാഥ് അടിച്ചുകൊന്നതാണെന്നു ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് താരത്തിന്റെ കുടുംബം. തൂങ്ങിമരണമല്ലെന്നും കൊലപാതകമാണെന്നും മകളെ ഹേംനാഥ് അടിച്ചു കൊന്നതാണെന്നു ചിത്രയുടെ അമ്മ ആരോപിച്ചു.
ബുധനാഴ്ച പുലർച്ചെയാണു തമിഴ് സീരിയൽ രംഗത്തെ മുൻനിര നടിയായ ചിത്രയെ നഗരത്തിനു പുറത്തുള്ള നസ്രത്ത്പേട്ടിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹേംനാഥിനെ പുറത്തുനിർത്തി കുളിക്കാനായി റൂമിലേക്കുപോയ നടി ഏറെ കഴിഞ്ഞിട്ടും പുറത്തുവരാത്തിനെ തുടർന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു തുറന്നുനോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
കിൽപോക് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി താരത്തിന്റെ ഭൗതിക ശരീരം ഇന്നലെ ഉച്ചയോടെ കോട്ടൂർപുരത്തെ വീട്ടിലെത്തിച്ചിരുന്നു. നൂറുകണക്കിനു പേർ ആദരാഞ്ജലിയുമായി വീട്ടിലെത്തി.
Discussion about this post