ബംഗളൂരു : കോവിഡ് വന്നതിൽപ്പിന്നെ കല്യാണം കഴിഞ്ഞ് ഹണിമൂൺ എന്ന പരിപാടിയ്‌ക്കൊരു ഇടവേള വന്നിട്ടുണ്ട് നാട്ടിൽ. കോവിഡിന് ശേഷം എപ്പോളെങ്കിലുമാവട്ടെ എന്ന് കരുതി മാറ്റി വെച്ചിരിക്കുന്നവരാവും ഏറെപ്പേരും. എന്നാൽ കല്യാണത്തിന് ശേഷം ഹണിമൂൺ കാൻസൽ ചെയ്ത രണ്ട് പേരുണ്ട് കർണാടകയിൽ. മിനുഷ കാഞ്ചനും അനൂപ് ഹെജ്‌ഡെയും.
ഹണിമൂണിന് പകരം ബീച്ച് വൃത്തിയാക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. കർണാടകയിലെ ബൈൻതൂർ സ്വദേശിയായ അനൂപ് ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച പോസ്റ്റുകളിലൂടെയാണ് വാർത്ത പുറംലോകമറിഞ്ഞത്. ഡിജിറ്റൽ മാർക്കറ്ററായ അനൂപ് വലിയ പ്രകൃതിസ്‌നേഹിയാണ്. കല്യാണത്തിന് ശേഷം മിനുഷയുമൊത്ത് നാട്ടിലുള്ള സോമേശ്വർ ബീച്ചിലെത്തിയിരുന്നു. അവിടെ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് അനൂപ് പറയുന്നു.
പ്ലാസ്റ്റിക്കും മറ്റ് ചപ്പ് ചവറുകളും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു ബീച്ച് അപ്പോൾ. ബീച്ചിന്റെ ശോചനീയാവസ്ഥ കണ്ട ഇരുവരും ഹണിമൂൺ കാൻസൽ ചെയ്ത് അവിടം വൃത്തിയാക്കാനിറങ്ങുകയായിരുന്നു. ഇരുവരുടെയും കുറച്ച് സുഹൃത്തുക്കളും ഉദ്യമത്തിൽ പങ്കാളികളായിരുന്നു.
‘ഞങ്ങൾ രണ്ട് പേരുടെയും ആഗ്രഹമായിരുന്നു ബീച്ച് വൃത്തിയാക്കുക എന്നത്. ബീച്ചിന്റെ അവസ്ഥ നേരിട്ട് കണ്ടപ്പോളാണ് ഇതൊരു ചലഞ്ച് കൂടിയാണെന്ന ്മനസ്സിലായത്. കുറച്ച് നല്ല മനസ്സുകളെയും ഈ സംരഭത്തിലൂടെ ഞങ്ങൾക്ക് സുഹൃത്തുക്കളായി കിട്ടി. ഇപ്പോഴാണ് മനുഷ്യത്ത്വത്തിലുള്ള എന്റെ വിശ്വാസം തിരിച്ചുവന്നത്. നാമെല്ലാവരും ആഗ്രഹിക്കുന്നത് ഒരേ കാര്യമാണ്. അത് നിറവേറ്റാനുള്ള ധൈര്യവും പ്രോത്സാഹനവും ഉണ്ടായാൽ മാത്രം മതി. ഒരുമിച്ച് നിന്നാൽ നമുക്ക് സമൂഹത്തിൽ ഒരുപാട് മാറ്റം വരുത്താം.നല്ലൊരു നാളേയ്ക്കായി നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം.’ അനൂപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഏകദേശം 800കിലോയോളം വേസ്റ്റാണ് ഇവർ പത്ത് ദിവസം കൊണ്ട് ബീച്ചിൽ നിന്നും നീക്കിയത്.
Discussion about this post