മുംബൈ: മഹാരാഷ്ട്ര അതിർത്തിയിലെ സോളാപൂരിലുള്ള ഉൾഗ്രാമത്തിലെ അതിദയനീയ സ്ഥിതിയിലുള്ള സ്കൂളിനെ രാജ്യത്തിന്റെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയ അധ്യാപനെ തേടിയെത്തിയത് അധ്യാപകർക്കായുള്ള ലോകത്തെ ഏറ്റവും വലിയ പുരസ്കാരം. 10 ലക്ഷം യുഎസ് ഡോളർ അഥവാ 7 കോടിയിലധികം രൂപ സമ്മാനത്തുകയുള്ള ‘ഗ്ലോബൽ ടീച്ചർ പ്രൈസ്’ ആണ് രഞ്ജിത് സിങ് ഡിസാലേ എന്ന ഈ അധ്യാപകനെ തേടിയെത്തിയത്. കന്നഡ മാതൃഭാഷയായ കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന മറാഠി ഭാഷയിലെ പുസ്തകങ്ങൾ വായിച്ചെടുക്കാൻ പറ്റുന്നില്ലെന്ന അടിസ്ഥാന പ്രശ്നം മുതൽ പഠനം പാതിയിൽ നിർത്തി 13-14 വയസിൽ വിവാഹത്തിലേക്ക് കാലെടുത്തുവെയ്ക്കുന്ന വിദ്യാർത്ഥികളുടെ ജീവിത-സാമൂഹിക പ്രശ്നം വരെ പരിഹരിക്കാൻ ഈ അധ്യാപകന് സാധിച്ചതാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇന്ന് മഹാരാഷ്ട്രയിലെ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് രഞ്ജിത് സിങ് പഠിപ്പിക്കുന്ന ഈ സ്കൂൾ.
രഞ്ജിത് സിങ് ഡിസാലേയെ കുറിച്ച് മനോജ് വെള്ളനാട് എഴുതിയ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. കുറിപ്പ് വായിക്കാം.
ചിത്രത്തിലുള്ളത് രഞ്ജിത്സിങ് ഡിസാലേ എന്ന പ്രൈമറി സ്കൂൾ അധ്യാപകനാണ്. മഹാരാഷ്ട്രയിലെ അതിദരിദ്രമായ ഒരുൾനാടൻ ഗ്രാമത്തിലെ ഈ സ്കൂളധ്യാപകൻ കഴിഞ്ഞാഴ്ച, അധ്യാപകർക്കായുള്ള ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ ‘ഗ്ലോബൽ ടീച്ചർ പ്രൈസ്’ കരസ്ഥമാക്കി. പുരസ്കാരത്തുക 10 ലക്ഷം USD അഥവാ 7 കോടിയിലധികം രൂപ.
രഞ്ജിത്സിങ് ഡിസാലെ വളരെ യാദൃച്ഛികമായി അധ്യാപനരംഗത്തേക്ക് വന്നൊരാളാണ്. 2009ൽ അദ്ദേഹമാ പ്രൈമറി സ്കൂളിൽ അധ്യാപകനായി എത്തുമ്പോൾ അതാർക്കും വേണ്ടാത്തൊരു തകർന്ന കെട്ടിടമായിരുന്നു. ഒരു കന്നുകാലി ഷെഡിനും ഒരു സ്റ്റോർ റൂമിനും ഇടയിൽ സാൻഡ്വിച്ച് പോലെ ഒരു സ്കൂൾ!
കുട്ടികളിൽ ഭൂരിഭാഗവും ആദിവാസി സമൂഹങ്ങളിൽ നിന്നുള്ളവരായിരുന്നു. വിദ്യാഭ്യാസമില്ലാത്ത, കന്നുകാലി വളർത്തലും കൃഷിപ്പണിയും മാത്രമറിയുന്ന രക്ഷിതാക്കൾക്ക് കുട്ടികളുടെ വിദ്യാഭ്യാസമെന്നത് ഗൗരവമുള്ള സംഗതിയേ അല്ലായിരുന്നു. സ്കൂളിലെ ഹാജർ നില 2 ശതമാനത്തിൽ കുറവായിരിക്കും മിക്കപ്പോഴും. ഗ്രാമത്തിലെ പെൺകുട്ടികളെയെല്ലാം 1213 വയസാവുമ്പോഴേ കല്യാണം കഴിച്ചുവിടും.
വിദ്യാഭ്യാസമില്ലായ്മയുടെ സകല പ്രശ്നങ്ങളും ഉള്ളൊരു ഗ്രാമം. പൊളിഞ്ഞതെങ്കിലും ഒരു സ്കൂളും പാഠപുസ്തകങ്ങളും അധ്യാപകരും ഒക്കെയുണ്ടായിട്ടും ശരിക്കും വിദ്യാഭ്യാസം അവിടെ കടന്നു ചെന്നിട്ടില്ല. അതിന്റെ യഥാർത്ഥ കാരണം ഭാഷയായിരുന്നു. അവിടുത്തെ ആൾക്കാരുടെ മാതൃഭാഷ കന്നടയാണ്. പക്ഷെ പഠിക്കാനുള്ള പുസ്തകങ്ങളൊന്നും തന്നെ കന്നടയിലില്ല. അതുമൂലം കുട്ടികൾക്കൊന്നും മനസിലാകുന്നില്ല. അവരെ മനസിലാക്കിക്കാനോ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനോ ആരും മെനക്കെട്ടതുമില്ല.
കാര്യങ്ങൾ മനസിലാക്കിയ രഞ്ജിത്സിങ് ആദ്യം ചെയ്തത് നാട്ടുകാരോടൊപ്പം ചേർന്ന് കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും കന്നട ഭാഷ പഠിക്കുകയാണ്. ശേഷം, കുട്ടികളുടെ പാഠപുസ്തകങ്ങളെല്ലാം കന്നടയിലേക്ക് വിവർത്തനം ചെയ്തു. വെറുതേ വിവർത്തനം ചെയ്യുക മാത്രമല്ല ചെയ്തത്, ആ പുസ്തകത്തിലെ ഓരോ പാഠത്തിലും ഓരോ QR കോഡ് കൂടി ഉൾപ്പെടുത്തി. അതിലൂടെ നിരവധി ഓഡിയോ കവിതകൾ, വീഡിയോ പ്രഭാഷണങ്ങൾ, കഥകൾ, അസൈൻമെന്റുകൾ എന്നിവയൊക്കെ നഗരത്തിലെ മുന്തിയ സ്കൂളുകളിൽ കുട്ടികൾ പഠിക്കുന്ന അതേ നിലവാരത്തിൽ ഗ്രാമത്തിലെ ഓരോ വിദ്യാർത്ഥിക്കും പ്രാപ്യമാക്കി.
തുടർന്ന്, ഓരോ കുട്ടികളെയും അവരവരുടെ കഴിവുകളും താൽപ്പര്യങ്ങളും മനസിലാക്കി അവർക്കതിനനുസരിച്ചുള്ള പരിശീലനം ലഭിക്കും വിധം QR കോഡുകൾ വ്യക്തിഗതമാക്കി പരിഷ്കരിച്ചു കൊണ്ടിരുന്നു. QR കോഡുള്ള പുസ്തകങ്ങളായതിനാൽ തീവ്രവാദി ആക്രമണമുണ്ടായ രണ്ടുമാസക്കാലം സ്കൂളടച്ച സമയത്തും കുട്ടികളുടെ പഠനം മുടങ്ങിയില്ല. അദ്ദേഹം കുട്ടികളെക്കൊണ്ട് മത്സരിപ്പിച്ചു, മറ്റു കുട്ടികളോടല്ല, അവനവന്റെ കഴിവുകളോട്.. ക്ലാസ് റൂമിനപ്പുറം, തങ്ങളുടെ ഗ്രാമത്തിനപ്പുറം വലിയ ലോകങ്ങൾ അവർ കണ്ടു.
രഞ്ജിത്സിങ്ങിന്റെ ഈ രീതിയിലുള്ള ഇടപെടലുകൾ കൊണ്ട് എന്തുമാറ്റമുണ്ടായി?
ആർക്കും വേണ്ടാത്ത കാലിത്തൊഴുത്തായിരുന്ന ആ പ്രൈമറി സ്കൂൾ 2016ൽ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി തെരെഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ ആ ഗ്രാമത്തിൽ ബാലവിവാഹങ്ങളൊന്നുമില്ല. ഹാജർ നില 100 ശതമാനം. 85 ശതമാനം വിദ്യാർത്ഥികളും വാർഷിക പരീക്ഷകളിൽ എ ഗ്രേഡ് നേടുന്ന ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നായി മാറിയത്. ആ ഗ്രാമത്തിൽ നിന്നുള്ള ഒരു പെൺകുട്ടി ഈയടുത്ത് യൂണിവേഴ്സിറ്റി ബിരുദവും നേടി, രഞ്ജിത്സിങ് വരുന്നതിനുമുമ്പ് ആ ഗ്രാമത്തിന് സ്വപ്നം കാണാൻ പോലും പറ്റാതിരുന്ന സംഭവം.
പുസ്തകത്തിൽ QR കോഡ് ഉൾപ്പെടുത്തിയ ആദ്യ സ്കൂളായിരുന്നു അത്. എല്ലാ സ്കൂളുകളിലും അത് വേണമെന്ന രഞ്ജിത്സിംങ്ങിന്റെ നിർദ്ദേശവും തുടർന്ന് നടന്ന വിജയകരമായ പൈലറ്റ് സ്കീമും വഴി 1 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് സംസ്ഥാനത്തുടനീളം ക്യുആർ കോഡ് ചെയ്ത പാഠപുസ്തകങ്ങൾ നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ 2017 ൽ പ്രഖ്യാപിച്ചു. ഇതിന്റെ വിജയത്തെത്തുടർന്ന്, കേന്ദ്ര HRD മന്ത്രാലയം NCERTയോട് ക്യുആർ കോഡെഡ് പാഠപുസ്തകങ്ങളുടെ സ്വാധീനത്തെക്കുറിച്ച് ദേശീയതലത്തിൽ പഠിക്കാൻ ആവശ്യപ്പെട്ടു. ഇന്ന് നിങ്ങളുടെ കുട്ടികൾ പഠിക്കുന്ന പാഠപുസ്തകത്തിൽ കാണുന്ന QR കോഡുകളില്ലേ, അതിങ്ങനെ വന്നതാണ്, കാലിത്തൊഴുത്തു പോലൊരു പ്രൈമറി സ്കൂളിൽ നിന്ന്..
ശരിക്കും സാങ്കേതിക വിദ്യയുടെ സഹായത്തോടെ അധ്യാപനമെന്ന ലോകത്തെ ഏറ്റവും വലിയ പ്രൊഫഷനെ പുതുക്കിപ്പണിയുകയാണ് രഞ്ജിത്സിങ് ഡിസാലേ ചെയ്തത്. 2016ൽ കേന്ദ്രസർക്കാരിന്റെ നാഷണൽ ഇന്നൊവേറ്റർ അവാർഡും 2018ൽ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷന്റെ ‘ഇന്നൊവേറ്റർ ഓഫ് ദി ഇയർ’ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ആ ഗ്രാമത്തിൽ മാത്രം ഒതുങ്ങുന്നതുമല്ല. അദ്ദേഹവും കുട്ടികളും ചേർന്ന് 8 വർഷത്തിനുള്ളിൽ സ്ഥിരം വരൾച്ചാ ബാധിത പ്രദേശമായ ആ ഗ്രാമത്തിലെ ഹരിതഭൂമി 25 ശതമാനത്തിൽ നിന്ന് 33 ശതമാനമായി ഉയർത്തി. തന്റെ ഗ്രാമത്തിന് ചുറ്റുമുള്ള 250 ഹെക്ടർ സ്ഥലം മരുഭൂമിയാവുന്നതിൽ നിന്ന് രക്ഷിച്ചു. അങ്ങനെ 2018ൽ ആ സ്കൂളിന് ‘വിപ്രോ നേച്ചർ ഫോർ സൊസൈറ്റി’ പുരസ്കാരവും ലഭിച്ചു.
ഇതിനുപുറമെ, മൈക്രോസോഫ്റ്റ് എഡ്യൂക്കേറ്റർ കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം ഉപയോഗിച്ച്, ലോകമെമ്പാടുമുള്ള നിരവധി സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ വെർച്വൽ ഫീൽഡ് ട്രിപ്പുകൾക്കും അദ്ദേഹം കൊണ്ടുപോകുന്നു. ലോകത്തെ മറ്റു പ്രദേശങ്ങളിലെ നല്ലതും ചീത്തയുമായ യഥാർത്ഥ്യങ്ങളെ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നു. സംഘർഷങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കിടയിൽ ആ സംഘർഷം പടരാതെ, സമാധാനം കെട്ടിപ്പടുക്കുന്നതിലും രഞ്ജിത്സിംങ് ശ്രമിക്കുന്നുണ്ട്. ഇന്ത്യപാകിസ്ഥാൻ, പലസ്തീൻഇസ്രായേൽ, ഇറാഖ്ഇറാൻ, യുഎസ്എഉത്തര കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളെ അദ്ദേഹത്തിന്റെ ‘ലെറ്റ്സ് ക്രോസ് ദ ബോർഡേഴ്സ്’ എന്ന പദ്ധതിയിലൂടെ പരസ്പരം പരിചയപ്പെടുത്തുന്നു. ആറാഴ്ചത്തെ പ്രോഗ്രാമിൽ, വിദ്യാർത്ഥികൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി അടുത്ത് ഇടപഴകുകയും സമാനതകളും നല്ല വശങ്ങളും പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്നു. ആരും ആരുടെയും ശത്രുവല്ലെന്ന് മനസിലാക്കുന്നു. ഇതുവരെ, എട്ട് രാജ്യങ്ങളിൽ നിന്നുള്ള 19,000 വിദ്യാർത്ഥികളെ രഞ്ജിത്സിങ് ഈ പ്രോഗ്രാമിലൂടെ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്.
രഞ്ജിത്സിങ്ങിനെ പറ്റിയെഴുതാൻ പോസിറ്റീവായ സംഗതികൾ ഇനിയും നിരവധിയുണ്ട്. എഴുതിയാൽ കുറേ നീണ്ടുപോകും. അതിൽ എനിക്കേറ്റവും കൗതുകകരമായി തോന്നിയ രണ്ട് +ve കാര്യങ്ങൾ മാത്രം പറഞ്ഞ് നിർത്താം,
1.തനിക്ക് കിട്ടിയ 7 കോടിയുടെ അവാർഡ് തുകയിൽ നിന്ന് പകുതി, അദ്ദേഹം തന്നോടൊപ്പം Global Teacher Prizeന്റെ ഫൈനൽ റൗണ്ടിലെത്തിയ സഹമത്സരാർത്ഥികൾക്കാണ് നൽകുന്നത്. ജയിക്കുന്നത് താനൊറ്റയ്ക്കല്ലായെന്ന് ഇതിലും ഭംഗിയായെങ്ങനെ പറയും. കിടിലം മനുഷ്യൻ.
2. ആ കിടിലം മനുഷ്യനിന്ന് കോവിഡ് +ve ആയി. ?? മറ്റൊരു +ve കൗതുകം.
ആത്മാർത്ഥതയും ഐഡിയയും ഉള്ള ഒരധ്യാപകൻ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ഒരു ഗ്രാമത്തെയും ജനജീവിതത്തെയും മാറ്റി മറിച്ച കഥയാണിത്. മുസിസെ (ദി മിറക്കിൾ) എന്നൊരു ടർക്കിഷ് സിനിമയുണ്ട്. അതിലിതുപോലൊരു ഗ്രാമവും ഒരധ്യാപകനുമുണ്ട്. സൂപ്പർ സിനിമയാണ്. ആ സിനിമയിൽ പറയുന്ന ‘മിറക്കിൾ’ യഥാർത്ഥ ജീവിതത്തിൽ കാണിച്ചു തരുന്നുണ്ട് രഞ്ജിത്സിങ് ഡിസാലേ എന്ന അധ്യാപകൻ.
എല്ലാവർക്കും അതുപോലൊന്നും ആവാൻ കഴിയില്ല. പക്ഷെ, എല്ലാവർക്കും മാതൃകയാക്കാവുന്ന എന്തെങ്കിലുമൊക്കെ സംഗതികൾ ഇതുപോലുള്ള മനുഷ്യന്മാരുടെ ജീവിതകഥ നമുക്ക് പറഞ്ഞുതരും. അതുകൊണ്ടാണിത്രയും എഴുതിയത്..
മനസുകൊണ്ട് ഒരുപാട് ബഹുമാനവും അഭിനന്ദനങ്ങളും നൽകുന്നു ആ ‘ലോക’ അധ്യാപകന്..
മനോജ് വെള്ളനാട്
Discussion about this post