ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം. വഴിയരികിൽ നിന്ന ജനങ്ങളാണ് നഡ്ഡയുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞ് ആക്രമണം നടത്തിയത്. ബുള്ളറ്റ്പ്രൂഫ് വാഹനമായതിനാൽ പരിക്കേറ്റില്ലെന്നും തന്നെ മാതാ ദുർഗ്ഗാ ദേവി രക്ഷിച്ചെന്നും പ്രതികരിച്ച നഡ്ഡ മമത സർക്കാറിന് അധികകാലം നിലനിൽപ്പില്ലെന്നും ഗുണ്ടാരാജ് അവസാനിപ്പിക്കുമെന്നും സംഭവത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു.
അതേസമയം, സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഗവർണറോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിനോടും റിപ്പോർട്ട് സമർപ്പിക്കാൻ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.
നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ വ്യാഴാഴ്ചയാണ് അക്രമണമുണ്ടായത്. ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രയ്ക്കിടെയാണ് റോഡരികിൽ തടിച്ചുകൂടിയ ആളുകളിൽ ചിലർ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ, മുകൾ റോയ് എന്നിവർക്ക് അക്രമണത്തിൽ പരിക്കേറ്റിരുന്നു.
അക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം തൃണമൂൽ കോൺഗ്രസ് ആരോപണം നിഷേധിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ നാടകമാണിതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ഇസഡ് കാറ്റഗറി സുരക്ഷയുള്ള നഡ്ഡയ്ക്ക് സംസ്ഥാന സർക്കാരിന്റെ സുരക്ഷ ബിജെപി ആവശ്യപ്പെട്ടിരുന്നില്ല. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും പോലീസ് അന്വേഷണ നടക്കുമെന്നും മമത വ്യക്തമാക്കി.
Discussion about this post