മോഡിയേയും ഷായേയും പോലുള്ള ഇടനിലക്കാര്‍ വേണ്ട, അംബാനിയും അദാനിയുമായി നേരിട്ട് ചര്‍ച്ചയ്‌ക്കൊരുങ്ങി കര്‍ഷകര്‍?; ട്വീറ്റുമായി പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: രാജ്യമെങ്ങും കര്‍ഷക പ്രക്ഷോഭം ആളിക്കത്തുകയാണ്. കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

ട്വിറ്ററില്‍ പ്രചരിക്കുന്ന ചിത്രം പങ്കുവെച്ചാണ് പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. ‘കര്‍ഷകര്‍ മോഡിയേയും ഷായേയും പോലുള്ള ഇടനിലക്കാരെ അകറ്റിനിര്‍ത്തണം’, പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കര്‍ഷകര്‍ അംബാനിയും അദാനിയുമായി നേരിട്ട് ചര്‍ച്ചയ്ക്കൊരുങ്ങുന്നുവെന്ന ട്വിറ്ററില്‍ പ്രചരിക്കുന്ന ചിത്രവും പങ്കുവെച്ചാണ് പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.

നേരത്തെ സമരം കോര്‍പ്പറേറ്റുകള്‍ക്കെതിരെ കൂടിയാണെന്ന് പ്രഖ്യാപിച്ച കര്‍ഷകര്‍ ജിയോ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കാന്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജിയോയുടെ ഫോണുകളും സിം കാര്‍ഡുകളുമടക്കം എല്ലാ ഉത്പന്നങ്ങളും ഉപേക്ഷിക്കുമെന്നും ഇനിമേല്‍ ഉപയോഗിക്കുകയില്ലെന്നുമാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശാന്ത് കുമാര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രശാന്ത് ഭൂഷണടക്കം നിരവധി പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ളത്. ജയ് കിസാന്‍ എന്നെഴുതിക്കൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെയാണ് കര്‍ഷകരുടെ തീരുമാനം. ഡിസംബര്‍ 14 ന് രാജ്യവ്യാപകമായി ബിജെപി ഓഫീസുകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

ജില്ലാ ആസ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ബിജെപി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും വഴി തടഞ്ഞ് കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.റിലയന്‍സ് ജിയോ, അദാനി കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ദേശീയപാതകളിലെ ടോള്‍പിരിവുകള്‍ തടയാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Exit mobile version