ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് തറക്കല്ലിടും. ഒരുമണിക്ക് ഭൂമിപൂജ നടത്തിയാണ് തറക്കല്ലിടുക. 64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്. പാര്‍ലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാം പ്ലോട്ടിലാണ് പുതിയ മന്ദിരം ഉയരുന്നത്.
അതേസമയം പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകുംവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നാണ് സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവിട്ടത്. എന്നാല്‍, ശിലാസ്ഥാപനച്ചടങ്ങിനും കടലാസു ജോലികള്‍ക്കും തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിക്കുപുറമേ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചടങ്ങില്‍ സംസാരിക്കും.
അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടുന്ന ചടങ്ങ് ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും നേതാക്കള്‍ക്കിടയിലെ അഭിപ്രായഭിന്നത കാരണം പിന്‍വലിച്ചു. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ എല്ലാ എംപിമാര്‍ക്കും പ്രത്യേകം ഓഫീസുകളുണ്ടായിരിക്കും. കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലേക്കുളള ആദ്യപടിയായി അത്യാധുനിക ഡിജിറ്റല്‍ ഇന്റര്‍ഫേസുകള്‍ സജ്ജമാക്കും.വിശാലമായ ഒരു കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, എംപിമാര്‍ക്കായി ഒരു ലോഞ്ച്, ലൈബ്രറി, സമ്മേളനമുറികള്‍, ഡൈനിംഗ് ഏരിയ, വിശാലമായ പാര്‍ക്കിംഗ് സൗകര്യം എന്നിവയും പുതിയ മന്ദിരത്തിന്റെ ഭാഗമായ് ഉണ്ടാകും.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്സഭാ ചേംബറില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭ ചേംബറില്‍ 384 അംഗങ്ങള്‍ക്കും ആകും ഇരിപ്പിട സൗകര്യമുണ്ടായിരിക്കുക. ഭാവിയില്‍ ഇരുസഭകളിലെ അംഗങ്ങളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിട സൗകര്യം വര്‍ധിപ്പിച്ചിരിക്കുന്നത്.
Discussion about this post