ന്യൂഡൽഹി: നിരന്തരം നടത്തിയ ചർച്ചകൾക്ക് ഒടുവിൽ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച കാർഷിക നിയമത്തിലെ ഭേദഗതി ഏകകണ്ഠമായി തള്ളിയതിന് പിന്നാലെ പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങി കർഷകർ. കർഷകരെ അനുനയിപ്പിക്കാൻ കേന്ദ്രം രേഖാമൂലം നൽകിയ അഞ്ചിന നിർദേശങ്ങളും തള്ളിയതിന് പിന്നാലെ കർഷകർ ദേശീയ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ 14നാണ് കർഷകർ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡിസംബർ 12ന് ഡൽഹി ജയ്പൂർ, ഡൽഹി ആഗ്ര ദേശീയ പാതകൾ ഉപരോധിക്കുമെന്നും ഡിസംബർ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷക സമരസമിതി നേതാക്കൾ വ്യക്തമാക്കി.
ഡിസംബർ 12ന് എല്ലാ ടോൾ പ്ലാസകളിലെയും ടോൾ ബഹിഷ്കരിക്കാനും സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപി ഓഫീസുകൾ ഉപരോധിക്കാനും തീരുമാനിച്ചു. പഴയ നിയമങ്ങൾ പുതിയ രീതിയിൽ അവതരിപ്പിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് ഓൾ ഇന്ത്യാ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിൽ മോഡി സർക്കാർ ഒട്ടും സത്യസന്ധത പുലർത്തുന്നില്ല. അതുകൊണ്ട് തന്നെ പഴയ നിയമങ്ങളെ പുതിയ രീതിയിൽ അവതരിപ്പിച്ച സർക്കാരിന്റെ നിർദേശത്തെ എല്ലാ കാർഷിക സംഘടനകളും ഒരുമിച്ച് തള്ളി. നിയമം പിൻവലിക്കാനുള്ള സമരം തുടരും. ഇതിന്റെ ഭാഗമായി ഡൽഹിയിലേക്ക് കൂടുതൽ കർഷകർ എത്തും. ജില്ലാടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ധർണകൾ സംഘടിപ്പിക്കും,’ കർഷകർ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കർഷകർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് കേന്ദ്രവുമായുള്ള ചർച്ചയിൽ പങ്കെടുക്കില്ലെന്നും കർഷകർ പറഞ്ഞിരുന്നു.
Discussion about this post