ജയ്പുർ: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം നേടിയതിന് പിന്നാലെ അവകാശവാദങ്ങളുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ജനങ്ങൾ ബിജെപിക്കൊപ്പമാണെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ‘രാജസ്ഥാനിൽ മാത്രമല്ല, ബിഹാറിലും തെലങ്കാനയിലും അരുണാചൽ പ്രദേശിലും സമാനമാണ് ബിജെപിയുടെ വിജയം. ബിജെപി ഭരണത്തിലും പരിഷ്കാരങ്ങളിലും ജനങ്ങൾ സന്തുഷ്ടരാണെന്നാണ് ഇത് കാണിക്കുന്നത്.’- ജാവദേക്കർ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ദുരാരോപണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.’കിഴക്കോ, തെക്കോ, വടക്കോ..എങ്ങോട്ട് പോയാലും അവിടെയെല്ലാം ബിജെപി ആണ്. കാർഷിക നിയമങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി സർക്കാരിനെതിരെയുള്ള പ്രതിപക്ഷ ആക്രമണത്തിനിടെ പോലും ജനങ്ങൾ ബിജെപിയെ പിന്തുണയ്ക്കുന്നു, നരേന്ദ്രമോഡിയെ പിന്തുണയ്ക്കുന്നു’. പ്രകാശ് ജാവദേക്കർ പ്രതികരിച്ചു.
രാജസ്ഥാൻ തദ്ദേശതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിത്തന്ന ജനങ്ങളോട് കടപ്പെട്ടിരിക്കുന്നവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയും പ്രതികരിച്ചു.
Discussion about this post