ന്യൂഡൽഹി: കർഷക സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ. കാർഷിക നിയമത്തിൽ ഭേദഗതിയാകാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതിനായി അഞ്ചിന ഭേദഗതി നിർദേശങ്ങളും കേന്ദ്രസർക്കാർ സമരക്കാർക്കു മുന്നിൽ വെച്ചു. സമരത്തെ ഗൗനിക്കാതിരുന്ന കേന്ദ്രം മുട്ടുമടക്കുന്നതിന്റെ സൂചനയാണ് ഇപ്പോഴുള്ള നിലപാട് മാറ്റം.
അതേസമയം, ഇന്നു നടത്താനിരുന്ന ചർച്ച റദ്ദാക്കിയതായും സർക്കാരിന്റെ നിർദേശങ്ങളിൽ കൂടിയാലോചനകൾക്കു ശേഷം തീരുമാനമെടുക്കുമെന്നും കർഷക സംഘടനകൾ പറഞ്ഞു. കാർഷിക നിയമങ്ങൾ പൂർണ്ണമായും പിൻവലിക്കണം എന്ന് ഏറ്റവും ഒടുവിലെ ചർച്ചകളിലും കർഷക സംഘടനകൾ നിലപാടെടുത്തിരുന്നു. എന്നാൽ, നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന് സർക്കാർ നിലപാടെടുക്കുകയും ഭേദഗതികൾ കൊണ്ടുവരാം എന്നുമാണ് സർക്കാർ പറയുന്നത്.
സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഇവയാണ്:
1. താങ്ങുവില നിലനിർത്തും എന്ന ഉറപ്പ് കർഷകർക്ക് എഴുതിനൽകും.
2. ഭൂമിയിൽ കർഷകർക്കുള്ള അവകാശം നിലനിർത്തും.
3. സർക്കാർ നിയന്ത്രിത കാർഷിക വിപണന ചന്തകൾ നിലനിർത്തും. ഇതിനായി വിപണിക്ക് പുറത്തുള്ളവർക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തും.
4. കാർഷിക വിപണന ചന്തകളിലും പുറത്തും ഒരേ നികുതി ഏർപ്പെടുത്തും.
5. കരാർ കൃഷി തർക്കങ്ങളിൽ കർഷകർക്ക് നേരിട്ട് സിവിൽ കോടതിയെ സമീപിക്കാം.
സർക്കാരിന്റെ നിർദേശങ്ങൾ ചർച്ചചെയ്യുന്നതിനായി കർഷക സംഘടനകൾ ഇന്ന് യോഗം ചേരും. തുടർന്ന് വൈകിട്ടോടെതന്നെ തീരുമാനം അറിയിക്കുമെന്നും കർഷകർ വാർത്താ ഏജൻസിയോട് പറഞ്ഞു.
Discussion about this post