ന്യൂഡല്‍ഹി: താന്‍ വീട്ടുതടങ്കലില്‍ അല്ലെന്നും കര്‍ഷകര്‍ക്കായി വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഒപ്പം തുടരാന്‍ തന്നെ അനുവദിച്ചില്ല. അതുകൊണ്ട് തന്നെ വീട്ടിലിരുന്ന് അവര്‍ക്കായി താന്‍ പ്രാര്‍ത്ഥിയ്ക്കുകയായിരുന്നു എന്നാണ് സന്ധ്യയോടെ വീടിന് പുറത്തെത്തിയ കെജരിവാള്‍ വ്യക്തമാക്കിയത്.
ഇന്നലെ രാവിലെ മുതല്‍ ഡല്‍ഹിയില്‍ ആരംഭിച്ച ആം ആദ്മി ബിജെപി തെരുവ് യുദ്ധം രാത്രി എറെ വൈകിയാണ് അവസാനിച്ചത്. കെജരിവാള്‍ പുറത്തെത്തി പ്രപര്‍ത്തകരെ കണ്ടതോടെയാണ് സംഘര്‍ഷ സാഹചര്യം ഒഴിവായത്.
എന്നാല്‍ മുനിസിപ്പാലിറ്റികള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട 13,000 കോടി രൂപയുടെ കുടിശ്ശിക നല്‍കാതിരിയ്ക്കാനും മാധ്യമ ശ്രദ്ധ രാഷ്ട്രിയ ലക്ഷ്യങ്ങള്‍ക്കായി നേടാനുമാണ് കെജരിവാള്‍ ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
കെജരിവാളിന്റേത് നാടകമാണെന്നും ഡല്‍ഹിയിലെ ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റികള്‍ക്ക് സര്‍ക്കാര്‍ 13,000 കോടി രൂപ നല്‍കാനുണ്ട്. ആ കുടിശ്ശിക നല്‍കാതിരിയ്ക്കാനും ജനശ്രദ്ധ തിരിയ്ക്കാനുമാണ് കെജരിവാളിന്റെ ശ്രമം എന്നാണ് ബിജെപിയുടെ ആരോപണം. നോര്‍ത്ത് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് ബിജെപി ഭരണം.