ഭോപ്പാൽ: യുനെസ്കോ രാജ്യത്തെ രണ്ട് ചരിത്ര നഗരങ്ങളെ കൂടി ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. മധ്യപ്രദേശ് സംസ്ഥാനത്തെ കോട്ടകളുടെ നഗരമായ ഗ്വാളിയാർ, വിവിധ ക്ഷേത്രങ്ങളാൽ പ്രശസ്തമായ ഓർച്ച എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടത്. അർബൻ ലാൻഡ്സ്കേപ്പ് സിറ്റി പ്രോഗ്രാമിലാണ് ഇവ ഉൾപ്പെട്ടിട്ടുള്ളത്.
പൈതൃക നഗര പട്ടികയിൽ ഉൾപ്പെടുന്നതോടെ ഗ്വാളിയോറിന്റെയും ഓർച്ചയുടേയും മുഖഛായ തന്നെ മാറുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യുനെസ്കോയും സംസ്ഥാന ടൂറിസം വകുപ്പും ചേർന്ന് രണ്ട് സ്ഥലങ്ങളും കൂടുതൽ മോടികൂട്ടാൻ ആവശ്യമായ മാസ്റ്റർ പ്ലാൻ തയാറാക്കും. അടുത്തവർഷം യുനെസ്കോ സംഘം സംസ്ഥാനം സന്ദർശിക്കും. പൈതൃക സ്വത്തുക്കൾ പരിശോധിച്ച ശേഷം അവയുടെ വികസനത്തിനും സംരക്ഷണത്തിനുമായി പദ്ധതികൾ ഒരുക്കും.
ഒമ്പതാം നൂറ്റാണ്ടിലാണ് ഗ്വാളിയോർ നഗരം സ്ഥാപിക്കപ്പെടുന്നത്. ക്ഷേത്രങ്ങൾക്കും കൊട്ടാരങ്ങൾക്കും പേരുകേട്ട ഓർച്ച പതിനാറാം നൂറ്റാണ്ടിലും. ഗുർജാർ പ്രതിഹാർ രാജ്വാൻഷ്, തോമർ, ബാഗേൽ കച്വാഹോ, സിന്ധ്യാസ് തുടങ്ങിയവരാണ് ഗ്വാളിയോർ ഭരിച്ചത്. കോട്ടകൾ, കൊട്ടാരങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഓർമ്മകളായി ഉയർന്നുനിൽക്കുന്നു.
ബുണ്ടേല രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഓർച്ച. രാജ് മഹൽ, ജഹാംഗീർ മഹൽ, രാമരാജ ക്ഷേത്രം, റായ് പ്രവീൺ മഹൽ, ലക്ഷ്മിനാരായൺ മന്ദിർ എന്നിവയാണ് നഗരത്തിലെ പ്രശസ്തമായ സ്ഥലങ്ങൾ.
Discussion about this post