മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച നടി ദിവ്യ ഭട്നഗര്‍ ഭര്‍ത്താവ് ഗഗന് ഗബ്രുവിന്റെ പീഡനത്തിന് ഇരയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സഹോദരനും സുഹൃത്തും രംഗത്ത്. വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നവംബര്‍ 26 നാണ് ദിവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയയും അമിത രക്തസമ്മര്‍ദ്ദവും മൂലം ആരോഗ്യസ്ഥിതി കൂടുതല്‍ സങ്കീര്‍ണമായി. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
‘നവംബര്‍ ഏഴിന് ഭര്‍തൃപീഡനത്തെക്കുറിച്ച് ദിവ്യ ഒരു കുറിപ്പെഴുതി. ദിവ്യയുടെ മരണത്തിന് ശേഷം അവരുടെ കബോര്‍ഡില്‍ നിന്ന് അത് കണ്ടെടുത്തിട്ടുണ്ട്. രോഗം വരുന്നതിന് തൊട്ടുമുമ്പ് അവള് ഇത് സംബന്ധിച്ച് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. പിന്നീടാണ് അവള് ആശുപത്രിയില്‍ ആകുന്നത്. മനസാന്നിധ്യം കൈവിടാതെ ഇരിക്കണമെന്ന് ഞാന്‍ അവളോട് ആശുപത്രിയില്‍ വച്ചു തന്നെ പറഞ്ഞിരുന്നു’ എന്നാണ് സഹോദരന് ദേവാശിഷ് പറഞ്ഞത്.
അതേസമയം താരത്തിന്റെ സുഹൃത്തും നടിയുമായ ദേവലീനയും ഗഗന് ഗബ്രുവിനെതിരേ രംഗത്ത് എത്തിയിട്ടുണ്ട്. ‘നിങ്ങള്‍ അവളുടെ ജീവിതം നരകതുല്യമാക്കി. ദിവ്യ ശാരീരികവും മാനസികവുമായി പീഡിപ്പിക്കപ്പെട്ടു. അവളുടെ സഹോദരനും മാതാവും നിങ്ങളുമായുള്ള ബന്ധത്തിന് എതിരായിരുന്നു. എന്നിട്ടും അവള് നിങ്ങള്‍ക്കൊപ്പം നിന്നു. നിങ്ങളുടെ ഇടപെടല്‍ കാരണം നാല് വര്‍ഷത്തോളമാണ് എനിക്ക് അവളില്‍ നിന്ന് അകന്ന് നില്‍ക്കേണ്ടി വന്നത്. ഇതിനെല്ലാം നിങ്ങള്‍ മറുപടി പറഞ്ഞേ പറ്റൂ’ എന്നാണ് സോഷ്യല്‍ മീഡിയിയല്‍ പങ്കുവെച്ച വീഡിയോയില്‍ ദേവലീന പറഞ്ഞത്.
Discussion about this post