ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ച നികുതി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ഏഴുമാസത്തെ കണക്കെടുത്താല്‍ 40ശതമാനമാണ് ഈയിനത്തിലെ വരുമാന വര്‍ധനവെന്നാണ് ലഭിക്കുന്ന വിവരം.
കൊവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക തളര്‍ച്ചയില്‍ മറ്റിനങ്ങളില്‍നിന്നുള്ള നികുതിവരുമാനം 16ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണിത്. ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന് എക്സൈസ് തീരുവയിനത്തില്‍ ലഭിച്ചത് 1.6 ലക്ഷം കോടി രൂപയാണ്.
കഴിഞ്ഞവര്‍ഷം ഇതേകലായളവില്‍ ലഭിച്ചതാകട്ടെ 1.14 ലക്ഷം കോടി രൂപയാണെന്നും കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നുണ്ട്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ പെട്രോളിന് 83 രൂപമുതല്‍ 90 രൂപവരെ എത്തി നില്‍ക്കുകയാണ്.
രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ഇന്ധനവില എത്തി നില്‍ക്കുന്നത്. തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ് വില. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപയിലെത്തി നില്‍ക്കുകയാണ്. കൊച്ചിയില്‍ പെട്രോളിന് 83.66 രൂപയും ഡീസല്‍ 77.74 രൂപയുമാണ് ഒരുലിറ്ററിന്റെ വില. നവംബര്‍ 20ന് ശേഷം പെട്രോള്‍ ലിറ്ററിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്.
Discussion about this post