ന്യൂഡല്‍ഹി : കേന്ദ്രത്തിന്റെ വിവാദ കാര്‍ഷികനയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കര്‍ഷകസമരം പതിമൂന്ന് ദിവസം പിന്നിടവേ തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന സൂചനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഓരോ കാലത്തിനും അതിന്റേതായ നിയമങ്ങളും നയങ്ങളും വേണമെന്നും അതിലൂടെയേ പുതിയ കാലഘട്ടം രൂപപ്പെടുകയുള്ളൂ എന്നുമാണ് മോഡിയുടെ പ്രതികരണം. ആഗ്ര മെട്രോ റെയില്‍ പ്രൊജക്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
‘സാമൂഹികപരിഷ്കരണം എല്ലാ നൂറ്റാണ്ടിലും അനിവാര്യമാണ്. പുതിയ ജീവിതശൈലി വരുത്താനും അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനുമെല്ലാം ഇവ അത്യന്താപേക്ഷിതമാണ്. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് പുതിയൊരു നൂറ്റാണ്ടിനെ വാര്‍ത്തെടുക്കാനാവില്ല.’പ്രധാനമന്ത്രി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വിവാദനയങ്ങള് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരം രാജ്യത്ത് ആശങ്കകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്.
ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പ്രതിപക്ഷമടക്കം പതിനഞ്ചോളം പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. മൂന്ന് തവണ കര്‍ഷകനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കേന്ദ്രം തയാറായിരുന്നില്ല. നാളെയാണ് അടുത്ത കൂടിക്കാഴ്ച. രാജ്യത്തിന്റെ പ്രധാന കാര്ഷികനിലങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് കൂടുതലായും സമരത്തില്‍ പങ്കെടുക്കുന്നത്.
Discussion about this post