ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. സിംഘു അതിർത്തിയിൽ സമരം തുടരുന്ന കർഷകരെ സന്ദർശിച്ച കെജരിവാളിനെ ഡൽഹി പോലീസ് വീട്ടുതടങ്കലിലാക്കിയെന്നാണ് ആപ്പ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ലെന്നും പാർട്ടി പറയുന്നു.
എന്നാൽ വീട്ടുതടങ്കലിലാക്കിയെന്ന വാർത്ത നിഷേധിച്ച് ഡൽഹി പോലീസ് രംഗത്തെത്തുകയും ചെയ്തു. ‘സിംഘു അതിർത്തിയിൽ കർഷകരെ സന്ദർശിച്ചതു മുതൽ ബിജെപിയുടെ ഡൽഹി പോലീസ് മുഖ്യമന്ത്രി അരവിന്ദ് കെജjിവാളിനെ വീട്ടുതടങ്കലിലാക്കി. അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ല.’- ആം ആദ്മിയുടെ ട്വീറ്റ് ഇങ്ങനെ.
മുഖ്യമന്ത്രി കെജരിവാൾ ഇന്നലെ സിംഘു അതിർത്തിയിൽ കർഷകരെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നെന്ന് എഎപി എംഎൽഎ സൗരഭ് ഭരദ്വാജും പറഞ്ഞു. കെജരിവാൾ തിരിച്ചെത്തിയ ശേഷം ഡൽഹി പോലീസ് അദ്ദേഹത്തിന്റെ വസതിയിലേക്കുള്ള പ്രവേശനം എല്ലാ ഭാഗത്തുനിന്നും ബാരിക്കേഡുകൾ ഉപയോഗിച്ച് തടയുകയായിരുന്നു.
കെജരിവാൾ വീട്ടുതടങ്കലിന് തുല്യമായ അവസ്ഥയിലാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണിതെന്നും ഭരദ്വാജ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ഓഫീസ് ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി ആം ആദ്മി പാർട്ടി നേതൃത്വം പറഞ്ഞു.
തിങ്കളാഴ്ച പ്രതിഷേധിക്കുന്ന കർഷകരെ കാണാനും അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കാനും കെജരിവാൾ ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘു സന്ദർശിച്ചിരുന്നു.