ശ്രീനഗര്‍: കാശ്മീരിലെ കത്വയില്‍ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരി പെണ്‍കുട്ടിയുടെ മുന്‍ അഭിഭാഷക ദീപിക സിംഗ് രജാവത്തിന് താമസിക്കാന്‍ വാടക വീട് പോലും ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്.
കത്വ കേസില്‍ നിന്ന് പെണ്‍കുട്ടിയുടെ കുടുംബം ദീപിക സിംഗ് രജാവത്തിനെ മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് താമസിച്ചിരുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്ന നിര്‍ദ്ദേശവുമെത്തി. ജമ്മുവില്‍ വാടകയ്ക്ക് ഒരു വീട് ആരും നല്‍കുന്നില്ലെന്ന് ദീപിക പറയുന്നു. ആറ് വയസ്സുള്ള മകള്‍ക്കൊപ്പമാണ് ദീപിക സിംഗ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നത്.
എട്ടുവയസ്സുകാരിക്ക് നീതി നേടിക്കൊടുക്കാന്‍ സ്വമേധയാ മുന്നിട്ടിറങ്ങിയ ദീപികയ്ക്ക് നിരവധി ഭീഷണികള്‍ ഉണ്ടായിരുന്നു. വധഭീഷണി വരെ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് കാശ്മീര്‍ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തി സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ അനുമതി നല്‍കിയത്.
വാക്കു കൊണ്ട് മാത്രമായിരുന്നു ഈ അനുമതി. എന്നാല്‍ മുഫ്തി ഗവണ്‍മെന്റ് അധികാരമൊഴിഞ്ഞതോടെ ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞു കൊടുക്കാനുള്ള നിര്‍ദ്ദേശവുമെത്തി. കാശ്മീരിലിപ്പോള്‍ നിലനില്‍ക്കുന്നത് ഗവര്‍ണര്‍ ഭരണമാണ്.
ദീപിക സിംഗിന്റെ അവസ്ഥ വെളിപ്പെടുത്തി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തിരുന്നു. ജനുവരി പത്തിനാണ് ജമ്മു കാശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.