വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ്; ആഹ്വാനം ചെയ്ത് ഐഎംഎ

medical bandh, ima , | bignewslive

കണ്ണൂര്‍: വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്ത് ഐഎംഎ. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ ബന്ദിന് ഐഎംഎ ആഹ്വാനം ചെയ്തത്. വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ച ഒപി ബഹിഷ്‌കരിച്ച് കൊണ്ടാണ് മെഡിക്കല്‍ ബന്ദ് നടത്തുക. അതേസമയം കാഷ്യാലിറ്റി, കൊവിഡ് ഡ്യൂട്ടി എന്നിവയ്ക്ക് തടസം ഉണ്ടാകില്ല എന്നും ഐഎംഎ അറിയിച്ചു.
ജനറല്‍ സര്‍ജറി, ഇ.എന്‍ടി, ഒഫ്താല്‍മോളജി, ദന്തശസ്ത്രക്രിയ എന്നിവ നടത്താനാണ് സ്പെഷ്യലൈസ്ഡ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കേന്ദ്രം അനുമതി നല്‍കിയത്. ഇതിനായി ഇന്ത്യന്‍ മെഡിസിന്‍സെന്‍ട്രല്‍ കൗണ്‍സില്‍ റെഗുലേഷന്‍സ് ഭേദഗതി ചെയ്തു. ശാസ്ത്രക്രിയയില്‍ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 തരം സര്‍ജറികള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താമെന്നാണ് ഉത്തരവില്‍ പറയുന്നത്. ശസ്ത്രക്രിയക്ക് സമാനമായ 19 ചികിത്സയ്ക്കും അനുമതിയുണ്ട്.

ശല്യതന്ത്ര (ജനറല്‍ സര്‍ജറി), ശാലാക്യതന്ത്ര (ഇഎന്‍ടി, ദന്തചികിത്സ) ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പ്രായോഗിക പരിശീലനം നേടി ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും നടത്താം. ശല്യതന്ത്രയില്‍ പൈല്‍സ്, മൂത്രക്കല്ല്, ഹെര്‍ണിയ, വെരിക്കോസ് വെയിന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 34 ശസ്ത്രക്രിയകള്‍ക്കാണ് അനുമതി. ശാലാക്യതന്ത്രയില്‍ തിമിര ശസ്ത്രക്രിയ, പല്ലിലെ റൂട്ട് കനാല്‍ തെറപ്പി തുടങ്ങി 15 ചികിത്സകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയില്‍ പിജി ചെയ്യുന്ന ആയുര്‍വേദ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ തിയറി പഠിക്കുന്നുണ്ടെങ്കിലും പരിശീലനം ഉണ്ടാകാറില്ല. ഇതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

Exit mobile version