ന്യൂഡല്‍ഹി: ഡിസംബര്‍ എട്ടിന് രാജ്യവ്യാപകമായി കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയുമായി ട്രാന്‍സ്പോര്‍ട്ട് സംഘടനകളും രംഗത്തെത്തി. ഡല്‍ഹി ചരക്ക് ഗതാഗത അസോസിയേഷനും ഇന്ത്യാ ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനും കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.
‘കൃഷിയും ഗതാഗതവും ഒരച്ഛന്റെ രണ്ട് മക്കളെപ്പോലെയാണ് . അതിനാല്‍ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് 51 ട്രാന്‍സ്പോര്‍ട്ട് യൂണിയനുകളുടെ പിന്തുണയുണ്ടാകും’, ഇന്ത്യാ ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡണ്ട് സതീഷ് സെഹ്റാവത് പറഞ്ഞു.
തങ്ങളുടെ ബിസിസനിന്റെ വേരുകളാണ് കര്‍ഷകരെന്നായിരുന്നു ദല്‍ഹി ചരക്ക് ഗതാഗത അസോസിയേഷന്‍ പ്രസിഡണ്ട് പര്‍മീത് സിംഗ് പറഞ്ഞത്. സമരം ചെയ്യുന്നവര്‍ തങ്ങളുടെ സഹോദര്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി) അറിയിച്ചിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ഡിസംബര്‍ എട്ടിന് പണിമുടക്കുമെന്നും എ.ഐ.എം.ടി.സി അറിയിച്ചിട്ടുണ്ട്.