കോവിഷീല്‍ഡ് വാക്‌സിന്‍; അടിയന്തര ഉപയോഗത്തിനായി അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

covishield | big news live

പുണെ: കൊവിഡ് വാക്‌സിനായ കോവഷീല്‍ഡിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് അപേക്ഷ നല്‍കി. വാക്‌സിന്‍ ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് അപേക്ഷ നല്‍കുന്ന ആദ്യ ഇന്ത്യന്‍ കമ്പനി കൂടിയാണിത്. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന വാക്‌സിനാണിത്.

ഓക്‌സ്ഫഡ് കൊവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ സഹകരണത്തോടെ നടത്തുക്കുകയാണ്. നാല് ക്ലിനിക്കല്‍ പഠനത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, രണ്ടെണ്ണം യുകെയിലും ഒന്ന് ബ്രസീലിലും മറ്റൊന്ന് ഇന്ത്യയിലുമാണ്.

അതേസമയം ഫൈസര്‍ കൊവിഡ് വാക്സിനും ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി തേടിയിരിക്കുകയാണ്. രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അടിയന്തര അനുമതി തേടി ഫൈസര്‍ കമ്പനി അപേക്ഷ നല്‍കിയിരിക്കുകയാണ്. മരുന്ന് ഇറക്കുമതി ചെയ്യാനും രാജ്യത്ത് വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് കമ്പനി അപേക്ഷ നല്‍കിയിരിക്കുന്നത്. അടിയന്തരമായി വാക്‌സിന്‍ വിതരണത്തിന് അനുമതി തേടി ഡിസംബര്‍ നാലിനാണ് ഫോം സിടി 18 പ്രകാരം ഫൈസര്‍ അപേക്ഷ നല്‍കിയത്.

കൊവിഡ് വൈറസ് പ്രതിരോധത്തില്‍ ലോകം ഉറ്റുനോക്കുന്ന വാക്സിനാണ് ഫൈസര്‍. പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിന്‍ കൂടിയാണിത്. ബ്രിട്ടനും ബഹ്‌റൈനും ഇതിനോടകം ഫൈസറിന് അനുമതി നല്‍കി കഴിഞ്ഞു. അമേരിക്കന്‍ ഔഷധകമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്സിന്‍ ഉപയോഗിക്കുന്നതിന് ബുധനാഴ്ച ആണ് ബ്രിട്ടണ്‍ അനുമതി നല്‍കിയത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് ബഹ്റൈനും അനുമതി നല്‍കിയത്.

അതേസമയം ഈ വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. നിലവില്‍ രാജ്യത്ത് ഐസിഎംആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ വാക്‌സിനും ഓക്‌സ്ഫഡിന്റെ അസ്ട്രാസെനക വാക്‌സിനും അവസാനഘട്ട പരീക്ഷണത്തിലാണ്. റഷ്യ ഇതിനോടകം തങ്ങള്‍ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് 5 വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ട്.

Exit mobile version