ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത സുഹൃത്താണെന്നും യുഎസിലെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തന്നെ വിജയിപ്പിക്കണമെന്നും ആഹ്വാനം ചെയ്തിരുന്ന ബിജെപി നേതാക്കൾ ട്രംപിന്റെ തോൽവിയോടെ നിലപാട് മാറ്റിയിരിക്കുകയാണ്. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതുകൊണ്ടാണെന്നാണ് ബിജെപിയുടെ പുതിയ നിലപാട്. ബിജെപി ദേശീയാധ്യക്ഷൻ ജെപി നഡ്ഡയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രംപിനെയും താരതമ്യം ചെയ്തത്.
ട്രംപ് കോവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള ധീരമായ തീരുമാനമെടുത്തുവെന്നും നഡ്ഡ ഉത്തരാഖണ്ഡിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ആരോഗ്യ രംഗത്തും സാമ്പത്തിക രംഗത്തും അമേരിക്കയിൽ അവ്യക്തതകൾ നിലനിൽക്കുമ്പോഴും പ്രധാനമന്ത്രി മോഡി ഇന്ത്യയെ അതിവേഗം മുന്നോട്ടു നയിച്ചുവെന്നും ബിജെപി അധ്യക്ഷൻ അവകാശപ്പെട്ടു.
നാല് ദിവസത്തെ ഉത്തരാഖണ്ഡ് സന്ദർശനത്തിനായി നഡ്ഡ വെള്ളിയാഴ്ചയാണ് ഉത്തരാഖണ്ഡിലെത്തിയത്. 2022 ൽ നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വീക്ഷിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ബിജെപിയുടെ സംസ്ഥാന ഭാരവാഹികൾ, എംഎൽഎമാർ, ജില്ലാ, മണ്ഡലം പ്രസിഡന്റുമാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഉത്തരാഖണ്ഡ് മാത്രമല്ല നഡ്ഡയുടെ പര്യടനത്തിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡ സന്ദർശനം 120 ദിവസം നീളുന്ന പര്യടനത്തിന്റെ തുടക്കം മാത്രമാണ്. ഓരോ സംസ്ഥാനങ്ങളിലെയും പാർട്ടി ഭാരവാഹികളെയും എംപിമാരെയും എംഎൽഎമാരെയും ജില്ലാ മണ്ഡലം ഭാരവാഹികളെയും അദ്ദേഹം കാണും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിയാതിരുന്ന സംസ്ഥാനങ്ങൾക്ക് സന്ദർശനത്തിനിടെ പ്രത്യേക പ്രാധാന്യം നൽകും.