വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ലോക്‌സഭ മണ്ഡലമായ വാരണാസിയില്‍ നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. രണ്ട് സീറ്റുകളും സമാജ് വാദി പാര്‍ട്ടി പിടിച്ചെടുത്തു. അടുപ്പിച്ച് 10 വര്‍ഷം കൈയ്യിലുണ്ടായിരുന്ന സീറ്റാണ് ബിജെപിക്ക് നഷ്ടമായത്.
അധ്യാപകര്‍ക്കും ബിരുദധാരികള്‍ക്കും വേണ്ടി സംവരണം ചെയ്തിരുന്ന സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി തോല്‍വി ഏറ്റുവാങ്ങിയത്. എസ്പിയുടെ അശുതോഷ് സിന്‍ഹയാണ് ബിരുദധാരികളുടെ വാരണാസി സീറ്റില്‍ വിജയിച്ചത്. അധ്യാപകരുടെ സീറ്റില്‍ ലാല് ബിഹാരി യാദവും വിജയിച്ചു.
ഉത്തര്‍പ്രദേശിലെ 11 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നാല് സ്ഥലത്ത് ബിജെപിയും മൂന്ന് ഇടത്ത് സമാജ് വാദി പാര്‍ട്ടിയും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു. രണ്ടിടത്തെ ഫലം വന്നിട്ടില്ല. മോഡിയുടെ മണ്ഡലമായ വാരണാസിയിലെ എംഎല്‍സി സീറ്റ് നഷ്ടപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
നേരത്തെ മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ആര്‍എസ്എസ് ശക്തികേന്ദ്രമായ നാഗ്പൂരില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് ജയിച്ചു. 58 വര്‍ഷത്തെ തുടര്‍ച്ചയായുള്ള വിജയത്തിന് ശേഷമാണ് ബിജെപി നാഗ്പൂരില്‍ തോല്‍ക്കുന്നത്. മറ്റൊരു ശക്തികേന്ദ്രമായ പുണെയിലും ബിജെപിക്ക് അടിപതറി. തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. നാലിടത്ത് കോണ്‍ഗ്രസ് എന്‍സിപി ശിവസേന സഖ്യം വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നേടി.
നാഗ്പൂരില്‍ സന്ദീപ് ജോഷിയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ അഭിജിത് വന്‍ജാരിയോടാണ് പരാജയമറിഞ്ഞത്. 18910 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഭിജിത് വിജയിച്ചത്. ബിജെപിക്ക് വേണ്ടി മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ പ്രചാരണത്തിന് ഇറങ്ങിയെങ്കിലും നാഗ്പൂര്‍ നിലനിര്‍ത്താനായില്ല. 58 വര്‍ഷമായി ബിജെപി വിജയിച്ചുവന്ന സീറ്റാണ് നാഗ്പൂര്‍. ഇത് നഷ്ടപ്പെട്ടത് ബിജെപിക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.