അമരാവതി: ആരുമില്ലാത്ത ക്ലാസ് മുറിയില്‍ വെച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ വിവാഹം കഴിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും പുറത്താക്കി. സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടിയെയും ആണ്‍കുട്ടിയെയും ഒപ്പം വീഡിയോ പകര്‍ത്തി പങ്കുവെച്ചവനെയും പുറത്താക്കിയിരുന്നു. പിന്നാലെയാണ് പെണ്‍കുട്ടിയെ വീടില്‍ നിന്നും പുറത്താക്കിയത്.
17കാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ കയറ്റാന്‍ മാതാപിതാക്കള്‍ അനുവദിച്ചില്ല. ഇതോടെ പെണ്‍കുട്ടി അനാഥമായി തീരുകയായിരുന്നു. തുടര്‍ന്ന് വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ഷെല്‍ട്ടര്‍ ഹോമില്‍ അഭയം നല്‍കി. വിവാഹം ചെയ്ത ആണ്‍കുട്ടിയുടെ വീട്ടുകാരുമായും വനിതാ കമ്മീഷന്‍ സംസാരിച്ചു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കാനും തീരുമാനിച്ചിരിക്കുകയാണ്.
ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രവരത്തെ ജൂനിയര്‍ കോളേജിലാണ് ഇന്റര്‍മീഡിയറ്റ്(പ്ലസ് ടു) വിദ്യാര്‍ത്ഥികള്‍ ‘വിവാഹി’തരായത്. താലി ചാര്‍ത്തി, സിന്ദൂരമണിഞ്ഞ് വധൂവരന്മാരെപ്പോലെ ഫോട്ടോക്ക് പോസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. വീഡിയോ വ്യാപകമായതോടെയാണ് സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തത്.
അതേസമയം, ഇവരുടെ ‘വിവാഹ’ത്തിന് നിയമസാധുതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശൈശവിവാഹത്തിന്റെ പരിഗണനയില്‍ വരും. സംഭവത്തില്‍ ശൈശവിവാഹ നിരോധന നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും 17 വയസ്സ് മാത്രമാണ് പ്രായം. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നല്‍കുമെന്നും ആന്ധ്രപ്രദേശ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വസിറെഡ്ഡി പദ്മ അറിയിച്ചു.