ന്യൂഡല്‍ഹി: ഡല്‍ഹി – യുപി അതിര്‍ത്തികളില്‍ കര്‍ഷകരോഷം കത്തുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തിലധികം കര്‍ഷകരാണ് വിവാദ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് തെരുവുകളിലുള്ളത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും.
ഈ ചര്‍ച്ച അതീവ നിര്‍ണ്ണായകമാകുമെന്നാണ് കണക്കുകൂട്ടല്‍. താങ്ങുവില മാറ്റമില്ലാതെ തുടരും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രം കര്‍ഷകര്‍ക്ക് മുന്നില്‍ വെച്ചിരുന്നു. കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങളില്‍ രണ്ടുവ്യവസ്ഥകള്‍ ഭേദഗതി ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തുടര്‍ ചര്‍ച്ചകളാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് നടക്കുക. ഈ നിര്‍ദ്ദേശങ്ങള്‍ വ്യാഴാഴ്ച്ച നടന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ അംഗീകരിച്ചിരുന്നില്ല. സമവായം തേടി കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ വിജ്ഞാന്‍ ഭവനിലാണ് കര്‍ഷകസംഘടനാ പ്രതിനിധികളെ ഇന്ന് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.
വിവാദനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാഴാഴ്ച്ച നടന്ന കൂടിക്കാഴ്ച്ചയില്‍ കര്‍ഷകര്‍ കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. പ്രാദേശിക നിയന്ത്രണത്തിലുള്ള വിപണികളും താങ്ങുവിലയും നിലനിര്‍ത്തുമെന്ന് കേന്ദ്രം കര്‍ഷകരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ക്ക് സ്വീകാര്യമായിരുന്നില്ല.
വിവാദ നിയമങ്ങള്‍ പിന്‍വലിച്ച് പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച്ച നടന്ന ചര്‍ച്ചയില്‍ കേന്ദ്രകൃഷിമന്ത്രി കൂടാതെ പീയുഷ് ഗോയല്‍, സോം പ്രകാശ് എന്നിവരും പങ്കെടുത്തിരുന്നു.
എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു. ഇതിന്‌ശേഷം സമരം ശക്തിപ്പെടുത്തുമെന്ന് കര്‍ഷകസംഘടനാ പ്രതിനിധികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 8ന് കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ ടോള്‍ പ്ലാസകളും ഉപരോധിക്കാനും ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ അടയ്ക്കാനും കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്തു.
പ്രതിഷേധപരിപാടികളുടെ ഭാഗമായി കര്‍ഷകസംഘടനകള്‍ രാജ്യവ്യാപകമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കും.
Discussion about this post