ചെന്നൈ: ബുറെവി ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു. കടലൂരില്‍ വീട് തകര്‍ന്ന് ദേഹത്ത് വീണ് 35 വയസുള്ള സ്ത്രീയും പത്ത് വയസ്സുള്ള മകളും മരിച്ചു. പുതുക്കോട്ടെയില്‍ വീട് തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു. കാഞ്ചീപുരത്ത് നദിയില്‍ വീണ് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. ചെന്നൈയില്‍ വെള്ളക്കെട്ടില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ഒരു യുവാവും തഞ്ചാവൂരില്‍ 40 വയസ്സുള്ള സ്ത്രീയും മരിച്ചു. കടലൂരില്‍ മരം വീണ് ഒരു യുവതിയും മരിച്ചു.
തമിഴ്നാട്ടില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവില്‍ രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്പനില്‍ നിന്നും 70 കിമീ ദൂരത്തിലുമാണ് ബുറെവിയുടെ സ്ഥാനം. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും ചില അവസരങ്ങളില്‍ 65 കിമീ വരെയുമാണ്.
അതിതീവ്ര ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം ചുഴലിക്കാറ്റിന്റെ ത്രീവ്രത കുറഞ്ഞെങ്കിലും കേരളത്തില്‍ ജാഗ്രത തുടരും. ഇന്ന് രാത്രി മുതല്‍ 12 മണിക്കൂര്‍ നേരത്തേക്ക് തെക്കന്‍ കേരളത്തില്‍ മണിക്കൂറില്‍ ഏകദേശം 35 മുതല്‍ 45 വരെ കിമീ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post