ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ വജ്രം ഉപയോഗിച്ച് ആഭരണം നിര്‍മ്മിച്ചതിന്റെ ഗിന്നസ് റെക്കോഡ് വീണ്ടും ഇന്ത്യക്ക്. ഹര്‍ഷിത് ബന്‍സാലാണ് (25) എന്ന യുവാവ് ആണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ഹര്‍ഷിത് നിര്‍മ്മിച്ച ജമന്തിപ്പൂവിന്റെ ആകൃതിയിലുള്ള വജ്ര മോതിരമാണ് റെക്കോഡ് കരസ്ഥമാക്കിയത്. 12,638 ചെറുവജ്രങ്ങള്‍ ഉപയോഗിച്ചാണ് ഈ മോതിരം നിര്‍മ്മിച്ചിരിക്കുന്നത്.
ഈ വജ്ര മോതിരത്തിന്റെ ഭാരം 165 ഗ്രാമാണ് (5.8 ഔണ്‍സ്). രണ്ട് വര്‍ഷംമുമ്പ് സൂറത്തില്‍ ജൂവലറി ഡിസൈന്‍ പഠിക്കുമ്പോഴാണ് പതിനായിരത്തിലധികം വജ്രമുപയോഗിച്ചുള്ള ആഭരണം നിര്‍മ്മിക്കുകയെന്ന സ്വപ്നം ബന്‍സാലിന്റെ മനസ്സില്‍ കടന്നത്. ആ സ്വപ്നമാണ് ഇപ്പോള്‍ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം ബന്‍സാലിന്റെ ഈ മോതിരം വാങ്ങാന്‍ നിരവധി ആള്‍ക്കാരാണ് എത്തിയിരിക്കുന്നത്. എന്നാല്‍ ‘സൗഭാഗ്യത്തിന്റെ മോതിരം’ എന്ന് പേരിട്ടിരിക്കുന്ന മോതിരം എത്ര വില ലഭിച്ചാലും വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ബന്‍സാലിന്റെയും അദ്ദേഹം ജോലിചെയ്യുന്ന സ്ഥാപനത്തിന്റെയും തീരുമാനം. ഏറ്റവുമധികം വജ്രങ്ങള്‍ ഉപയോഗിച്ച് ആഭരണം നിര്‍മ്മിച്ചതിന്റെ നിലവിലെ ഗിന്നസ് റെക്കോഡും ഇന്ത്യക്കാണ്. 7801 വജ്രങ്ങളുപയോഗിച്ച് ആഭരണം നിര്‍മ്മിച്ചതാണ് ഈ റെക്കോഡ്.