ഹൈദരാബാദ്: ഹൈദരാബാദ് മുന്‍സിപ്പില്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഉത്തം കുമാര്‍ റെഡ്ഢി രാജിവച്ചു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് നേരിട്ട വന്‍ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. തെലങ്കാന പിസിസി അധ്യക്ഷസ്ഥാനം താന്‍ ഒഴിയുകയാണ് വ്യക്തമാക്കി ഉത്തം കുമാര്‍ റെഡ്ഡി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്കി.
അടുത്ത പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. 2018-ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട ഘട്ടം മുതല്‍ തെലങ്കാന കോണ്‍ഗ്രസിനകത്ത് നേതൃമാറ്റ ആവശ്യം ഉയര്‍ന്നിരുന്നു.
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് രണ്ടിടത്തേ വിജയിക്കാനായുള്ളൂ.150 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ 56 ഇടത്ത് ടിആര്‍എസും 46 ഇടത്ത് ബിജെപിയും 42 ഇടത്ത് എഐഎംഐഎമ്മും വിജയിച്ചു.