ലഖ്നൗ: വധുവിന്റേയും വരന്റേയും കുടുംബങ്ങളുടെ പൂര്‍ണ്ണസമ്മതത്തോടെ നടന്ന മിശ്രവിവാഹച്ചടങ്ങ് പൊലീസെത്തി പാതിവഴിയില്‍ നിര്‍ത്തിച്ചു. നിര്‍ബന്ധിതമതപരിവര്‍ത്തനം നടത്തിയെന്ന് ഹിന്ദുമഹാസഭ നേതാവ് ബ്രിജേഷ് ശുക്ല നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശിലാണ് സംഭവം. ലഖ്നൗ ഡുഡാ കോളനി നിവാസികളായ മുഹമ്മദ് ആസിഫിനും റെയ്ന ഗുപ്തയ്ക്കുമാണ് യുപി പൊലീസില്‍ നിന്നും ഈ അനുഭവം നേരിടേണ്ടി വന്നത്. വധുവിന്റേയും വരന്റേയും കുടുംബങ്ങളുടെ പൂര്‍ണ്ണസമ്മതത്തോടെയാണ് മിശ്രവിവാഹച്ചടങ്ങ് നടത്തിയത്.
എന്നാല്‍ വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള പുതിയ നിയമം പറഞ്ഞാണ് വിവാഹച്ചടങ്ങളില്‍ പൊലീസ് ഇടപെടല്‍ നടത്തിയത്. ഇവിടെ യാതൊരുവിധത്തിലുമുള്ള നിര്‍ബന്ധിതമതപരിവര്‍ത്തനവും നടന്നിട്ടില്ലെന്ന് വധുവിന്റേയും വരന്റേയും അച്ഛനമ്മമാര്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടും പൊലീസ് അതൊന്നും ചെവിക്കൊള്ളാതെ ചടങ്ങ് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധനനിയമത്തിന്റെ മൂന്ന്, എട്ട് വകുപ്പുകള്‍ പ്രകാരം ഇവരുടെ വിവാഹം അംഗീകരിക്കാനാകില്ലെന്നാണ് പൊലീസ് വിശദീകരിച്ചത്. ഹിന്ദു ആചാരപ്രകാരവും പിന്നീട് മുസ്ലീം മതവിശ്വാസപ്രകാരവും ചിട്ടപ്പെടുത്തിയ വിവാഹ ചടങ്ങുകള്‍ക്ക് ഇരുവരുടേയും കുടുംബങ്ങള്‍ക്ക് പൂര്‍ണ്ണ സമ്മതമായിരുന്നു.
തങ്ങളുടെ സമ്മതത്തിന് പുറമേ ഇരുവരുടേയും വിവാഹത്തിന് പുറമേ ബന്ധപ്പെട്ട അധികൃതരുടെ പക്കല്‍നിന്ന് അനുമതിയും വാങ്ങിയിട്ടുണ്ടെന്ന് വധുവിന്റെ അച്ഛന്‍ വിജയ് ഗുപ്ത വിശദീകരിച്ചു. എന്നാല്‍ ഹിന്ദുമഹാസഭയ്ക്ക് അതൃപ്തിയുള്ളപക്ഷം വിവാഹം മുസ്ലീം മതാചാരപ്രകാരം തുടരാനാകില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.