കർഷകന് നേരെ ലാത്തി വീശുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ; വ്യാജചിത്രമെന്ന് സംഘപരിവാർ; നിരവധി മർദ്ദനങ്ങളേറ്റെന്ന് ഒടുവിൽ തുറന്ന് പറഞ്ഞ് കർഷകൻ

farmer | Big news live

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെ സമരവുമായി ഡൽഹിയിലേക്ക് പ്രക്ഷോഭ മാർച്ച് നടത്തുകയാണ് കർഷകർ. ഇതിനിടെ, കർഷകർക്ക് നേരെ ലാത്തി വീശി ഓടിക്കുന്ന പോലീസുകാരെ കുറിച്ചും വലിയ ചർച്ചകൾ ഉയർന്നിരുന്നു. ഈ സമയത്താണ് ഒരു കർഷകനെ അടിക്കാനായി ലാത്തി ഓങ്ങി നിൽക്കുന്ന പോലീസുകാരന്റെ ചിത്രം സോഷ്യയൽമീഡിയ ഏറ്റെടുത്തത്.

വയോധികനായ കർഷകന് നേരെ ലാത്തി വീശുന്ന പോലീസുകാരന് എതിരെ വ്യാപകമായി രോഷമുയരുകയും ചെയ്തിരുന്നു. എന്നാൽ, യഥാർത്ഥത്തിൽ അദ്ദേഹത്തിന് മർദ്ദനമേറ്റിരുന്നോ എന്നായിരുന്നു ചില ബിജെപി പ്രവർത്തകരുടെ ചോദ്യം, കർഷകന് മർദ്ദനം ഏറ്റിട്ടില്ല എന്ന് വിശദീകരിച്ച് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ തന്നെ രംഗത്തെത്തുകയും അദ്ദേഹം പങ്കുവെച്ച വീഡിയോ സംഘപരിവാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കർഷകനെ പിന്തുണച്ച രാഹുൽ ഗാന്ധിയെ വിമർശിച്ചായിരുന്നു മാളവ്യയുടെ ട്വീറ്റ്. എന്നാൽ ട്വിറ്റർ ഈ വീഡിയോ വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് സ്ഥിരീകരിച്ചതോടെ അമിത് മാളവ്യയും ബിജെപിയും നാണംകെട്ടിരുന്നു.

ഇതിന് പിന്നാലെ വീണ്ടും കർഷകനേറ്റ മർദ്ദനം വാർത്തയായതോടെ, പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആ വയോധിക കർഷകൻ. തനിക്ക് ലാത്തികൊണ്ട് പലതവണ മർദ്ദനം ഏറ്റതായും ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കർഷകനായ സുഖ്‌ദേവ് സിങ് എൻഡിടിവിയോട് പറഞ്ഞു. ‘അവർ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ലാത്തി ഉപയോഗിച്ച് ശരീരത്തിലും കാലിലും പുറത്തും അടിച്ചു.’-സുഖ്‌ദേവ് സിങ് പറയുന്നു.

സിആർപിഎഫ് ഉദ്യോഗസ്ഥരിൽ നിന്ന് സുഖ്‌ദേവ് സിങ്ങിന് മർദ്ദനമേൽക്കുന്ന ചിത്രം രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഫോട്ടോ പകുതി സത്യമാണെന്നും കർഷകന് മർദ്ദനമേറ്റിട്ടില്ലെന്നുമായിരുന്നു അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.

Exit mobile version