ന്യൂഡല്‍ഹി: ഇന്ത്യയിലെ പതഞ്ജലി ഉള്‍പ്പടെയുള്ള പ്രമുഖ ബ്രാന്റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേനാണെന്ന റിപ്പോര്‍ട്ട് പുറത്ത്. പഞ്ചസാര സിറപ്പ് ചേര്‍ത്ത തേനാണ് പല പ്രമുഖ ബ്രാന്റുകളും വിണപണിയില്‍ എത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിക്കുന്നു. 13 ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കുന്ന തേനിന്റെ സാമ്പിളുകളാണ് ഗുണനിലവാരം പരിശോധിക്കുന്നതിന് വേണ്ടി സിഎസ്ഇ തെരഞ്ഞെടുത്തത്.
77 ശതമാനം സാമ്പിളുകളും പഞ്ചസാര സിറപ്പ് ചേര്‍ത്ത് മായം ചേര്‍ക്കുന്നതായി കണ്ടെത്തുകയും ചെയ്തു. പരിശോധിച്ച 22 സാമ്പിളുകളില്‍ അഞ്ചെണ്ണം മാത്രമാണ് എല്ലാ ടെസ്റ്റുകളിലും വിജയിച്ചത്. പ്രമുഖ ബ്രാന്‍ഡുകളായ ഡാബര്‍, പതഞ്ജലി, ബൈദ്യനാഥ്, സന്തു, ഹിറ്റ്കാരി, എപിസ് ഹിമാലയ എന്നീ ബ്രാന്റുകള്‍ തേന്‍ സാമ്പിളുകള്‍ എല്ലാം എന്‍എംആര്‍ പരിശോധനയില്‍ പരാജയപ്പെട്ടെന്ന് പഠനം വ്യക്തമാക്കുന്നു.
അതേസമയം, ആരോപണം പാടെ നിഷേധിച്ച് പതഞ്ജലി വക്താവ് രംഗത്തെത്തി. തങ്ങള്‍ പ്രകൃതിദത്ത തേന്‍ മാത്രമേ നിര്‍മ്മിക്കുന്നുള്ളൂവെന്ന് വക്താവ് പ്രതികരിക്കുന്നു. എഫ്എസ്എസ്എഐ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് തങ്ങളുടെ ഉല്‍പ്പന്നം നിര്‍മ്മിക്കുന്നതെന്നും പതഞ്ജലി പ്രതികരിച്ചു. ബ്രാന്റിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
Discussion about this post