‘ബിഹാറില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് പറയുന്നു, കേന്ദ്ര സര്‍ക്കാര്‍ പറയുന്നു എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാകില്ലെന്ന്’; പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

rahul gandhi | big news live

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. വാക്‌സിന്‍ വിതരണം സംബന്ധിച്ച് ബിജെപിയും കേന്ദ്ര സര്‍ക്കാരും നടത്തിയ വ്യത്യസ്ത അഭിപ്രായങ്ങളെ ഉദ്ധരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

‘പ്രധാനമന്ത്രി എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാകുമെന്ന് പറയുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി പറയുന്നു ബിഹാറില്‍ എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കുമെന്ന്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാകില്ലെന്ന്. യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി ആരുടെ നിലപാടിനൊപ്പമാണ്’ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചത്.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്നാണ് ചൊവ്വാഴ്ച കേന്ദ്രം വ്യക്തമാക്കിയത്. ‘രാജ്യം മുഴുവന്‍ കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. വസ്തുതാപരമായ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കി അത്തരം ശാസ്ത്രീയ പ്രശ്നങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് പ്രധാനമാണ്’ എന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞത്. അതേസമയം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടന പത്രികയില്‍ എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കുമെന്നാണ്.

Exit mobile version