കൊവിഡ് മാനദണ്ഡം ലംഘിച്ച് 6000 പേരെ പങ്കെടുപ്പിച്ച് കൊച്ചുമകളുടെ വിവാഹനിശ്ചയം നടത്തി; ഗുജറാത്ത് മുന്‍മന്ത്രിയും ബിജെപി നേതാവുമായ കാന്തി ഗാമിത്ത് അറസ്റ്റില്‍

kanti gamit | big news live

സൂറത്ത്: കൊവിഡ് മാനദണ്ഡം ലംഘിച്ച് 6000 പേരെ പങ്കെടുപ്പിച്ച് കൊച്ചുമകളുടെ വിവാഹനിശ്ചയം നടത്തിയ സംഭവത്തില്‍ ഗുജറാത്ത് മുന്‍മന്ത്രിയും ബിജെപി നേതാവുമായ കാന്തി ഗാമിത്ത് അറസ്റ്റില്‍. ഐപിസി 308 പ്രകാരമാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നവംബര്‍ 30ന് താപി ജില്ലയിലെ ദോസ്വാഡ ഗ്രാമത്തില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. എല്ലാ കൊവിഡ് മാനദണ്ഡവും ലംഘിച്ച് മാസ്‌ക് ധരിക്കാതെ, സാമൂഹ്യ അകലം പോലും പാലിക്കാതെ നൂറുകണക്കിന് ആളുകള്‍ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലായിരുന്നു.

അതേസമയം സംഭവം വിവാദമായതോടെ ബിജെപി നേതാവ് ക്ഷമ ചോദിച്ച് രംഗത്ത് എത്തിയിരുന്നു. ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവാതെ വന്നത് തന്റെ പിഴവാണെന്നാണ് കാന്ത് ഗാമിത്ത് പറഞ്ഞത്. താന്‍ ആരെയും ചടങ്ങിലേക്ക് വ്യക്തിപരമായി ക്ഷണിച്ചിരുന്നില്ലെന്നും 2000 പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നുവെന്നും ഇത് ആരോ വീഡിയോ എടുത്ത് വൈറലാക്കിയതാണെന്നുമാണ് നേതാവ് പറഞ്ഞത്.

അതേസമയം ഗുജറാത്തില്‍ ഇതുവരെ 2.11 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4000ത്തിലധികം പേരാണ് മരിച്ചത്. അഹമ്മദാബാദ്, വഡോദര,സൂറത്ത്, രാജ്‌കോട് തുടങ്ങിയ സ്ഥലങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യു തുടരുകയാണ്. അതിനിടെയാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിരിക്കുന്നത്.

Exit mobile version