മുംബൈ: ബോളിവുഡ് വിവാദ റാണി കങ്കണ റണാവത്തിനെതിരെ ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസ് ബാനു. പണം നല്കിയാല് ഏത് സമരത്തിലും എത്തുന്ന ആളാണെന്ന താരത്തിന്റെ പരാമര്‍ശത്തിനെതിരെയാണ് ബില്‍ക്കീസ് ബാനു രംഗത്തെത്തിയത്. തന്നെ കുറിച്ച് കങ്കണയ്ക്ക് ഒന്നും അറിയില്ലെന്നും തന്റെ വീടോ ഈ പ്രായത്തിലും താന്‍ എന്താണ് ചെയ്യുന്നതെന്നോ അവര്‍ കണ്ടിട്ടില്ലെന്നും അവര്‍ തുറന്നടിച്ചു.
കഴിഞ്ഞ ദിവസമാണ്, ബില്‍ക്കീസിനെ അധിക്ഷേപിച്ച് വ്യാജ പോസ്റ്റുമായി കങ്കണ റണാവത്ത് രംഗത്തെത്തിയത്. ഷഹീന്‍ബാഗ് സമരത്തിലും ഇപ്പോള്‍ കര്‍ഷക സമരത്തിലും ബില്‍ക്കീസ് പങ്കെടുക്കുന്നെന്ന് പറഞ്ഞുള്ള വ്യാജ ഫോട്ടോയായിരുന്നു കങ്കണ പങ്കുവെച്ചത്.
വെറും നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തില്‍ വേണമെങ്കിലും പങ്കെടുക്കാന്‍ വരുന്ന സമരനായികയാണ് ഇവര്‍ എന്നുപറഞ്ഞായിരുന്നു കങ്കണയുടെ അധിക്ഷേപം. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ കങ്കണ ട്വീറ്റ് പിന്‍വലിച്ചിരുന്നു.
ബില്‍ക്കീസ് ബാനുവിന്റെ വാക്കുകള്‍;
‘എന്നെക്കുറിച്ച് ചില കാര്യങ്ങള്‍ അവര്‍ പറഞ്ഞതായി അറിഞ്ഞു. അവര്‍ ഒരിക്കലും എന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല, ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് കണ്ടിട്ടില്ല, 100 രൂപ കൊടുത്താല്‍ എന്നെ കിട്ടുമെന്ന് അവര്‍ പറഞ്ഞതായി അറിഞ്ഞു. ഇത് വലിയ തെറ്റായിട്ടുള്ള കാര്യമാണ്. ഈ 100 രൂപകൊണ്ട് ഞാന്‍ എന്തുചെയ്യുന്നുവെന്നാണ്.
എനിക്ക് മൂന്ന് പെണ്മക്കളുണ്ട്, എല്ലാവരും വിവാഹിതരാണ്. എന്റെ മകനും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമാണ് ഞാന്‍ താമസിക്കുന്നത്. ഇപ്പോഴും അരിവാള്‍ ഉപയോഗിച്ച് വിളവെടുക്കുന്ന ആളാണ് ഞാന്‍. ഇപ്പോഴും പരുത്തികൃഷി ചെയ്യുന്നുണ്ട്.
ഞാന്‍ എന്റെ കുടുംബത്തിന് വേണ്ടി പച്ചക്കറികള്‍ ഉണ്ടാക്കുന്നുണ്ട്. അത് പരിപാലിക്കുന്നുണ്ട്. എനിക്ക് ഇപ്പോഴും ദല്‍ഹിയിലേക്ക് പോകാന്‍ കഴിയും. അതിനുള്ള ഉത്സാഹവും എനിക്കുണ്ട്. കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ആ സമരത്തില്‍ സജീവമായി തന്നെ ഞാനുണ്ടാകും’.
Discussion about this post