മുംബൈ: അതിർത്തിയിലെ പ്രശ്നങ്ങൾക്കിടയിലും ചൈന ഇന്ത്യയിൽ നിന്നും അരി ഇറക്കുമതി ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ചൈന ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ചത്. കുറഞ്ഞ വിലയിൽ അരി നൽകാമെന്ന ഇന്ത്യയുടെ വാഗ്ദാനത്തിനൊപ്പം ചൈനയിലേക്ക് അരി എത്തിക്കുന്ന മറ്റ് വിതരണ ശൃംഖലകൾ കുറഞ്ഞതുമാണ് ഇന്ത്യയെ സമീപിക്കാൻ ചൈനയെ നിർബന്ധിതരാക്കിയത്.
നേരത്തെ ഇന്ത്യയിൽ നിന്നുള്ള അരിയുടെ ഗുണനിലവാര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചൈന വാങ്ങുന്നത് നിർത്തിവെച്ചിരുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയും, ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയുമാണ്. ഏകദേശം 4 മില്ല്യൺ ടൺ അരി വർഷംതോറും ചൈന ഇറക്കുമതി ചെയ്യുന്നുണ്ട്.
അരിയുടെ ഗുണനിവാരം വിലയിരുത്തിയ ശേഷം അടുത്ത വർഷം ചൈന കൂടുതൽ അരി ഇന്ത്യയിൽ നിന്നുവാങ്ങുമെന്ന് അരി കയറ്റുമതി സംഘടനാ പ്രസിഡന്റ് ബി വി കൃഷ്ണ റാവു വ്യക്തമാക്കി. ഒരു ടണ്ണിന് ഏകദേശം 300 ഡോളർ നിരക്കിൽ ഒരുലക്ഷം ടൺ അരി ഡിസംബർ-ഫെബ്രുവരിയിൽ കയറ്റുമതി ചെയ്യാനാണ് വ്യാപാരികൾ കരാറുണ്ടാക്കിയതെന്ന് അധികൃതർ അറിയിച്ചു.
Discussion about this post