മുംബൈ: ബോളിവുഡ് നടിയും വിവാദ റാണിയുമായ കങ്കണ റണാവത്തിന് വക്കീല്‍ നോട്ടീസ്. കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് ബാനുവെന്ന് ചിത്രീകരിച്ച് ട്വീറ്റ് പങ്കുവെച്ച സംഭവത്തിലാണ് താരത്തിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍ ഹക്രം സിങാണ് കങ്കണയ്ക്ക് നോട്ടീസയച്ചത്.
സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് കങ്കണ വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കണമെന്നും ഒരു സ്ത്രീയെ തെറ്റായി ചിത്രീകരിച്ച തന്റെ ട്വീറ്റില്‍ അവര്‍ മാപ്പ് പറയണമെന്നും ഹക്രം സിങ് നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഇവര്‍ വ്യാജമല്ല. അവരുടെ പേര് മഹിന്ദര്‍ കൗര്‍ എന്നാണ്. പഞ്ചാബിലെ ബതിന്ദയില്‍ നിന്നെത്തിയതാണ്.
കര്‍ഷകനായ ലഭ് സിങ് നംബര്‍ദറിന്റെ ഭാര്യയാണ്. എല്ലായ്പ്പോഴും കൃഷിയുമായും വയലുകളുമായും ബന്ധപ്പെട്ട് കിടക്കുന്നതാണ് അവരുടെ ജീവിതം’ കങ്കണയ്ക്ക് അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. മാന്യമായി രീതിയില്‍ പ്രതിഷേധം നടത്തുന്ന സ്ത്രീകളുടെ അന്തസ്സും പ്രതിച്ഛായയും ഇടിച്ചുതാഴ്ത്തുകയാണ് കങ്കണ ചെയ്തതെന്നും നോട്ടീല്‍ തുറന്നടിക്കുന്നുണ്ട്.
ബില്‍കിസ് ബാനുവിന് 100 രൂപ കൊടുത്താല്‍ സമരത്തിന് കിട്ടുമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. എന്നാല്‍ കങ്കണ ട്വീറ്റിനൊപ്പം ചേര്‍ത്ത ചിത്രം ബില്‍കിസ് ബാനുവിന്റേതല്ലായിരുന്നു. മൊഹിന്ദര്‍ കൗര്‍ എന്ന സ്ത്രീയുടേതായിരുന്നു ചിത്രം.
അഭിഭാഷകന്റെ വാക്കുകള്‍;
‘മൊഹിന്ദര്‍ കൗറിന്റെ ചിത്രം ബില്‍കിസ് ബാനുവായി തെറ്റിദ്ധരിപ്പിച്ച് 100 രൂപയ്ക്ക് ഇവരെ സമരം നടത്താന്‍ ലഭിക്കുമെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്ത കങ്കണ റണൗട്ടിന് ഞാന്‍ ലീഗല്‍ നോട്ടീസ് അയച്ചു. സംഭവത്തില്‍ മാപ്പ് പറയാന്‍ ഏഴ് ദിവസമാണ് കങ്കണയ്ക്ക് നല്‍കിയിട്ടുള്ളത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ അപകീര്‍ത്തി കേസുമായി മുന്നോട്ട് പോകും’